കടമ്പനാട്: കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് സ്‌കൂളില്‍ റേഡിയോ ആവിഷ്‌കാരം. കെ.ആര്‍.കെ.പി.എം ബോയ്‌സ് ഹൈസ്‌കൂള്‍ ആന്‍ഡ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കുട്ടികളുടെ കലാഭിരുചി വളര്‍ത്താന്‍ എഫ്എം റോഡിയോ ആരംഭിച്ചത്. എല്ലാ ക്ലാസ് മുറികളിലുമുള്ള കുട്ടികള്‍ക്ക് റേഡിയോ പരിപാടികള്‍ ആസ്വദിക്കാനാകുംവിധമാണ് പ്രാഥമിക സംവിധാനം ഒരുക്കിയിട്ടുള്ളത്. സ്‌കൂളില്‍ സ്ഥാപിച്ച റേഡിയോ സ്റ്റേഷന്‍ കമ്യൂണിറ്റി റോഡിയോയാക്കി മാറ്റാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
സ്‌കൂളിന്റെ ചുവരുകള്‍ക്കുള്ളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന പാട്ടുപെട്ടിയുടെ മുഴക്കത്തിനായി ഭാവിയില്‍ കടമ്പനാട് പ്രദേശം കാതോര്‍ക്കുമെന്നാണ് എഫ്എം റേഡിയോ സ്റ്റേഷന്റെ ശില്‍പികള്‍ പറയുന്നത്. സംഗീത അധ്യാപകനായ കൃഷ്ണലാലിന്റെ പിന്തുണയില്‍ സ്‌കൂളിലെ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങളാണ് സ്‌കൂള്‍ റോഡിയോയുടെ അണിയറശില്‍പികള്‍. വിദ്യാര്‍ഥികളായ രണ്ടു റോഡിയോ ജോക്കികള്‍ക്കൊപ്പം വിവിധ രംഗങ്ങളില്‍ കഴിവു തെളിയിക്കുന്ന കുട്ടികള്‍ വിവിധ ഭാഷകളില്‍ പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കും. ഓരോ ക്ലാസില്‍ നിന്നും ഓരോ റേഡിയോ ജോക്കിയെ തിരഞ്ഞെടുക്കും.
സൗണ്ട് എന്‍ജിനീയറിങ് തലം വരെയുള്ള സാങ്കേതിക ജോലിക്കാരും അവതാരകരും കുട്ടികളായിരിക്കും. ഇതിനായി അവര്‍ക്ക് പരിശീലനം നല്‍കും. കുട്ടികള്‍ക്കൊപ്പം അധ്യാപകരുടെ കലാപരമായ കഴിവുകള്‍ വളര്‍ത്താനും റേഡിയോ സംരംഭം ലക്ഷ്യമിടുന്നു.
Your comment?