രാവിലെ ഓട്ടവും ഉച്ചതിരിഞ്ഞ് ഗണിതശാസ്ത്ര ക്ലാസുകളുമായി പ്രവാസി ശാസ്ത്രജ്ഞന്‍ കടമ്പനാട്ടുകാരന്‍ ഡോ.ജോര്‍ജ് തോമസ്:മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഒറ്റയാള്‍ മാരത്തണ്‍
കാസര്‍കോട്: 50 വര്‍ഷമായി പ്രവാസിയാണെങ്കിലും ഗണിതശാസ്ത്രജ്ഞനായ ഡോ.ജോര്‍ജ് തോമസിന്റെ ഹൃദയം ഇപ്പോഴും കേരളത്തില്‍ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് സ്വന്തം നാടിനൊരു ദുരന്തമുണ്ടായപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയത്. 71 വയസ്സാണ് പ്രായമെങ്കിലും മനസ്സിനു പതിനെട്ടിന്റെ ചെറുപ്പമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പ്രവാസി മലയാളികളുടെ പങ്ക് വര്‍ധിപ്പിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓടുകയാണ് ഡോ. ജോര്‍ജ് തോമസ്. കേരള അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ സഹകരണത്തോടെ നവംബര്‍ 7നു തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച മാരത്തണ്‍ ഓട്ടം മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം തന്നെ സംഭാവന നല്‍കിയ പ്രവാസികളുടെ വിഹിതം കുറച്ചുകൂടി കൂട്ടാനും നല്‍കാത്തവരെ പ്രോത്സാഹിപ്പിക്കാനുമുള്ള ബോധവല്‍ക്കരണമാണ് തന്റെ ഓട്ടത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
അമേരിക്കയില്‍ ഗവേഷണ ഗണിതശാസ്ത്രജ്ഞനായിരുന്ന ജോര്‍ജ് തോമസ് ഒട്ടേറെ ഗണിതശാസ്ത്ര പ്രതിഭകളെ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഓട്ടത്തിനിടയിലും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നു വരെ അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര ക്ലാസുണ്ടാകും. ദേശീയപാതയിലൂടെ ദിവസവും മൂന്നര മണിക്കൂര്‍ കൊണ്ട് 22 കിലോമീറ്റര്‍ ഓടിയാണ് അദ്ദേഹം കണ്ണൂര്‍ വരെ എത്തിയത്. അടുത്ത 6 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനമായ കാസര്‍കോട് എത്താനാകുമെന്നാണു പ്രതീക്ഷ. യാത്രയിലുടനീളം പൈലറ്റ് ആയി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
കമ്പനി നല്‍കിയ ബാറ്ററി കാറും ഉണ്ടാകും.
ഇതിനു മുന്‍പ് 2008ല്‍ പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരി മുതല്‍ കൊല്ലൂര്‍ മൂകാംബിക വരെ ഓടിയ ചരിത്രം ജോര്‍ജ് തോമസിനുണ്ട്. പത്തനംതിട്ട കടമ്പനാട് സ്വദേശിയാണ്. പ്രളയദുരിതാശ്വാസത്തിനായി കടമ്പനാട്ടുള്ള തന്റെ 20 സെന്റ് ഭൂമി ലൈബ്രറി, അങ്കണവാടി, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവ നിര്‍മ്മിക്കാന്‍ അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്. ഓരോ പ്രവാസി മലയാളിയും തങ്ങളുടെ ജന്മസ്ഥലത്തിനോടുള്ള കടപ്പാട് നിറവേറ്റാന്‍ കൂടിയുള്ള അവസരമായി കാണണമെന്നു ജോര്‍ജ് തോമസ് പറഞ്ഞു.
Your comment?