ഏഴു നൂറ്റാണ്ടിന്റെ ചരിത്ര വിസ്മയത്തെ തനിമ ചോരാതെ സംരക്ഷിക്കുകയാണ് അഭിഭാഷകന്‍ തോമസ് ജോര്‍ജ്
കടമ്പനാട്: ചരിത്രം തൊട്ടിലാട്ടി വളര്‍ത്തിയ ഗ്രാമങ്ങളാണ് കടമ്പനാടും മണ്ണടിയും. പുരാതന ക്രൈസ്തവ കേന്ദ്രമായിരുന്നു കടമ്പനാടെങ്കില്‍ ഹൈന്ദവ കേന്ദ്രമായിരുന്നു മണ്ണടി. ഇവിടെ എങ്ങോട്ടു തിരിഞ്ഞാലും ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ കാണാം. സര്‍ക്കാര്‍ ഏറ്റെടുത്ത സംരക്ഷിത സ്മാരകങ്ങള്‍ ആക്കിയതിനാല്‍ അവ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ഏഴു നൂറ്റാണ്ടിന്റെ ചരിത്ര വിസ്മയത്തെ തനിമ ചോരാതെ സംരക്ഷിക്കുകയാണ് പടിപ്പുരവീട്ടില്‍ അഡ്വ: തോമസ് ജോര്‍ജ്.
പഴമയെ വിറ്റു തുലയ്ക്കുന്ന പുതുതലമുറയ്ക്ക് മുന്നില്‍ ഈ അഭിഭാഷകന്‍ വ്യത്യസ്തനാവുകയാണ്. അദ്ദേഹം സംരക്ഷിക്കുന്നത് 710 വര്‍ഷം പഴക്കമുളള പടിപ്പുര വീടാണ്. പഴയ വീടിന് ചുറ്റും പുതിയ കെട്ടിടം പണിതാണ് തോമസ് പഴമ നിലനിര്‍ത്തിയിരിക്കുന്നത്.
മ്യൂസിയത്തോട് കൂടിയ കെട്ടിടത്തില്‍ ചിത്രപ്പപണികള്‍ ചെയ്ത് തടിയില്‍ തീര്‍ത്ത ആയിരം കൊല്ലത്തിലധികം പഴക്കമുള്ള ഒരു പീഠവും പുരാതനമായ മറ്റ് പല വസ്തുക്കളും പടിപ്പുരവീട്ടില്‍ ഇന്നും കേടുകൂടാതെയുണ്ട്. ക്രൈസ്തവ കുടുംബമാണെങ്കിലും പടിപ്പുരവീട്ടില്‍ ഹിന്ദുക്കളടക്കമുള്ള ധാരാളം വിശ്വാസികള്‍ വിളക്കുകൊളുത്തുകയും നേര്‍ച്ചകള്‍ നല്‍കുകയും ചെയ്തു വരുന്നു.
നാലു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന വൈദിക ശ്രേഷ്ഠനായ മുനിയച്ചനെന്ന പടിപ്പുര വീട്ടിലച്ചന് കണ്ണാല്‍ത്തറയില്‍ വെച്ച് ദേവീദര്‍ശനമുണ്ടായത്രേ. ദേവിയുടെ ആജ്ഞാനുസരണം മണ്ണടിയില്‍പോയി നാടുവാഴിയായ വാഞ്ഞിപ്പുഴ തമ്പുരാനേയും കാമ്പിത്താനേയും ഇവിടെ വരുത്തി എന്നാണ് ഐതീഹ്യം. കാമ്പിത്താന്‍ കണ്ണാല്‍ത്തറയില്‍ നിന്ന് ശൂലം എറിഞ്ഞാണ് ഇന്ന് കാണുന്ന ദേവീക്ഷേത്രമുണ്ടായതെന്നാണ് പഴമക്കാര്‍ വിശ്വസിക്കുക്കുന്നത്. ഇതിന്റെ ഉപകാര സ്മരണയ്ക്കാണ് ഹൈന്ദവര്‍ ഇന്നും പടിപ്പുര വീട്ടില്‍ വിളക്കു തെളിക്കുന്നത്. മുനിയച്ചനെപറ്റി പല കഥകളും തലമുറകളായി പറഞ്ഞു വരുന്നുണ്ട്. 1599-ല്‍ പോര്‍ട്ടുഗീസുകാരനായ മെനാസിസ് ഉദയം പേരൂര്‍ സുന്നഹദോസ് വിളിച്ചു കൂട്ടിയപ്പോള്‍ അന്ന് കടമ്പനാട് വലിയ പള്ളിയിലെ വൈദികനായിരുന്നു മുനിയച്ചന്‍. മുനിയച്ചന്‍ മെനാസിസിന്റെ കല്‍പ്പന ലംഘിച്ച് സുന്നഹദോസില്‍ പങ്കെടുത്തില്ലത്രേ! ഇതില്‍ കുപിതനായ മെനാസിസ് അനുയായികളേയും കൂട്ടി സന്നാഹങ്ങളോടെ പള്ളി കൈയേറുന്നതിനും മറ്റുമായി തേവലക്കര വരെയെത്തി എന്നാല്‍ പെട്ടെന്ന് മെനാസിസിന് കടുത്ത രോഗബാധിയുണ്ടായി. അക്കാരണത്താലദ്ദേഹം തിരികെ പോയതായും പറയപ്പെടുന്നു. കടമ്പനാട് വലിയപള്ളിയുടെ വടക്കേഭിത്തിയില്‍ മുനിയച്ചന്റെ തലക്കല്ല് സ്ഥാപിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതലുള്ള തോമസ് ജോര്‍ജിന്റെ സ്റ്റാമ്പ് ശേഖരം ജീവിത സായാഹ്നത്തില്‍ മുനിയച്ചന്‍ സ്മാരക മ്യൂസിയത്തില്‍ ഇടം പിടിക്കും. ഹൈസ്‌കൂള്‍ പഠനകാലം മുതലാണ് കടമ്പനാട് പടിപ്പുരവീട്ടില്‍ തോമസ് ജോര്‍ജ് സ്റ്റാമ്പുകള്‍ ശേഖരിച്ചു തുടങ്ങിയത്. 65 പിന്നിടുന്ന തോമസ് ജോര്‍ജിന്റെ ശേഖരത്തില്‍ ഇന്ന് വിവിധ രാജ്യങ്ങളുടേതായി പതിനായിരത്തിലധികം സ്റ്റാമ്പുകളുണ്ട്.
സാംസ്‌കാരിക തനിമ, ചരിത്രം, പുരോഗതി എന്നിവ വിളിച്ചോതി 200 രാജ്യങ്ങളുടെ സ്റ്റാംപുകളാണ് ശേഖരത്തിലുള്ളത്. ലോക നേതാക്കള്‍, മഹാന്മാര്‍ എന്നിവരെ ഓര്‍മപ്പെടുത്തുന്ന സ്റ്റാമ്പുകള്‍ക്കൊപ്പം എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം, ചിത്രകാരനായ മൈക്കല്‍ ആഞ്ചലോയുടെ ഓര്‍മ നിഴലിക്കുന്ന സ്റ്റാംപ്, ലോകത്തിലെ ഏറ്റവും ചെറിയ സ്റ്റാമ്പ് എന്നിവയും അപൂര്‍വ ശേഖരത്തിലുണ്ട്.
എന്നാല്‍, പ്രദര്‍ശനത്തിന് വയ്ക്കാന്‍ പാകത്തില്‍ അല്ലായിരുന്നു ഇതുവരെ സ്റ്റാമ്പുകള്‍ സൂക്ഷിച്ചു വച്ചിരുന്നത്. അടുത്ത സമയത്ത് മക്കളുടെ സഹായത്തോടെ സ്റ്റാമ്പ് ബോര്‍ഡ് സംഘടിപ്പിച്ച് ആല്‍ബമാക്കി സൂക്ഷിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചു. ഇതിനെ തുടര്‍ന്നാണ് തോമസ് ജോര്‍ജ് മുന്‍കൈ എടുത്ത് സ്ഥാപിച്ച കടമ്പനാട് മുനിയച്ചന്‍ സ്മാരക മ്യൂസിയത്തില്‍ ഇടം ഒരുക്കി അവിടെ എത്തുന്ന കാണികള്‍ക്കായി സ്റ്റാമ്പുകള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.
Your comment?