പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ സംബന്ധിച്ച അന്വേഷണം 10 ദിവസത്തിനകം ഫലപ്രാപ്തിയില്‍ എത്തിയേക്കുമെന്ന് സൂചന. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേകസംഘം നടത്തുന്ന അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ശരിയായ വഴിക്കാണ് നീങ്ങുന്നതെങ്കില്‍ 10 ദിവസത്തിനകം ജെസ്നയെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രത്യേക സംഘം വിലയിരുത്തുന്നു. ജെസ്ന ഉപയോഗിച്ചു കൊണ്ടിരുന്ന രണ്ടാമത്തെ ഫോണ്‍ ലൊക്കേറ്റ് ചെയ്യാനാണ് പോലീസ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതൊരു സ്മാര്‍ട്ട് ഫോണാണ്. ഇതിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ സൈബര്‍ സെല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
വീട്ടുകാരും സഹപാഠികളും കാണ്‍കേ ജെസ്ന ഉപയോഗിച്ചിരുന്നത് കീ പാഡോട് കൂടിയ സാദാ ഫോണാണ്. ഇതില്‍ നിന്നുമാണ് സഹപാഠിയായ യുവാവിന് മെസേജ് അയച്ചിരുന്നതും കോളുകള്‍ വിളിച്ചിരുന്നതും. ഈ ഫോണ്‍ മാത്രമാണ് ജെസ്നയ്ക്ക് ഉണ്ടായിരുന്നത് എന്നാണ് എല്ലാവരും കരുതിയിരുന്നതും. ഇതില്‍ നിന്ന് സഹപാഠിയായ യുവാവിന് മാത്രമല്ല, മറ്റു പലര്‍ക്കും അര്‍ധരാത്രിയില്‍ വരെ സന്ദേശങ്ങള്‍ പോയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ ഒരു വിങ് പ്രത്യേക സംഘത്തോട് ചേര്‍ത്തതിന് ശേഷമാണ് അന്വേഷണത്തിന് പുരോഗതിയുണ്ടായത്.
ജെസ്ന രണ്ടാമതൊരു ഫോണ്‍ രഹസ്യമായി ഉപയോഗിച്ചിരുന്നു എന്ന സംശയത്തിലായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ജെസ്നയെ കാണാതാകുന്ന മാര്‍ച്ച് 22 ന് ആറുമാസം മുമ്പു മുതലുള്ള ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചിരുന്നു. മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയല്‍, കുട്ടിക്കാനം മേഖലകളിലെ ടവറുകളാണ് പരിശോധിച്ചത്. ഈ കാലയളവില്‍ ശബരിമല തീര്‍ഥാടനം നടക്കുകയായിരുന്നതിനാല്‍ വിളികളുടെ ആധിക്യം ഉണ്ടായത് സൈബര്‍ വിങ്ങിനെ വലച്ചു. ജെസ്ന പതിവായി പൊയ്ക്കൊണ്ടിരുന്നതും പോയതുമായ വഴികളിലെ ടവറുകളില്‍ നിന്നെല്ലാം നമ്പരുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ലക്ഷക്കണിക്ക് നമ്പരുകള്‍ പരിശോധിച്ച് അവയില്‍ നിന്ന് വെട്ടിച്ചുരുക്കി ആറായിരമാക്കി. ഈ നമ്പരുകള്‍ എ പാര്‍ട്ടി, ബി പാര്‍ട്ടി, സി പാര്‍ട്ടി, ഡി പാര്‍ട്ടി എന്നിങ്ങനെ നാലായി തിരിച്ചാണ് അന്വേഷണം.
അതായത് എ എന്നയാളെ വിളിക്കുന്ന ബി, ബി എന്നയാളെ വിളിക്കുന്ന സി, സി എന്നയാളെ വിളിക്കുന്ന ഡി. ഇവരില്‍ ആരൊക്കെ ഒരേ സമയത്ത് അല്ലെങ്കില്‍ മിനുട്ടുകളുടെ ഇടവേളകളില്‍ പരസ്പരം വിളിച്ചു? ഈ നാലു നമ്പരുകളും തമ്മില്‍ വിളിച്ചിട്ടുണ്ടോ? ഇതില്‍ എ യും ഡി യുമായി വിളിച്ചിട്ടുണ്ടോ? സിയും ബിയുമായി വിളിച്ചിട്ടുണ്ടോ ഈ രീതിയില്‍ ക്രോസ് ഇന്‍വെസ്റ്റിഗേഷനാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ഫോണ്‍ നമ്പരുകളുടെ എണ്ണം പത്തില്‍ താഴെയാകും. അവസാനത്തെ ഈ നമ്പരുകള്‍ കേന്ദ്രീകരിച്ചാകും ഇനി അന്വേഷണം. ഇതിലൊന്ന് ജെസ്ന രഹസ്യമായി ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് ഫോണിന്റെയും മറ്റുള്ളത് തിരോധാനത്തിന് പ്രേരിപ്പിച്ചവരുടെയുമാണ്.
രണ്ടാമതൊരു ഫോണില്ലെന്ന് വീട്ടുകാരും സഹപാഠികളും തറപ്പിച്ചു പറയുമ്പോള്‍ ജെസ്ന ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണിലെ സന്ദേശങ്ങളില്‍ നിന്നാണ് അങ്ങനെ ഒന്ന് ഉണ്ടാകുമെന്നുള്ള വിവരം പോലീസിന് ലഭിച്ചത്. നിലവില്‍ ജെസ്ന സ്വമേധയാ ഇറങ്ങിപ്പോയതാണ് എന്നാണ് അന്വേഷണ സംഘം ഉറപ്പിച്ചിരിക്കുന്നത്. അത് പരപ്രേരണയാലാകാം. അങ്ങനെയെങ്കില്‍ അവള്‍ ജീവിച്ചിരിക്കുന്നു. അതല്ലെങ്കില്‍ ജീവനൊടുക്കിയിരിക്കും. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്നയാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. 10 ദിവസത്തിനകം ജെസ്നയെ കണ്ടെത്താന്‍ കഴിയുമെന്ന ഉറച്ച് വിശ്വാസത്തിലാണ് അന്വേഷണസംഘം. അതു നടന്നില്ലെങ്കില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.
Your comment?