പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌നയുടെ കേസന്വേഷണത്തില്‍ നിര്‍ണായകമാകുമായിരുന്ന ഫോണ്‍ വിവരങ്ങള്‍ ഡികോഡ് ചെയ്‌തെടുക്കാന്‍ വേണ്ടത്ര ശ്രദ്ധ അന്വേഷണസംഘം നടത്തിയില്ലെന്ന് സൂചന. കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ ഡിജിപി പ്രത്യേകം നിയോഗിച്ച സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐയെ പത്തനംതിട്ടയില്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി അന്വേഷണ പുരോഗതിയെ അട്ടിമറിച്ചതാണ് പുതിയ വിവാദം.
ജെസ്‌ന കേസിന്റെ അന്വേഷണത്തിനായി തിരുവല്ല ഡിവൈഎസ്പിയുടെ സ്‌ക്വാഡിലേക്കും പിന്നെ കേസ് അന്വേഷിക്കുന്ന റാന്നി പൊലീസ് സ്റ്റേഷനിലേക്കും എസ്‌ഐ എസ്. സുരേഷ്‌കുമാറിനെ നിയോഗിച്ചിരുന്നു. ജെസ്‌ന കേസില്‍ ആദ്യം സൈബര്‍ വിവരങ്ങള്‍ എടുത്തു നല്‍കുന്ന ചുമതല തനിക്കായിരുന്നുവെന്നു എസ്‌ഐ വ്യക്തമാക്കുന്നു.
റാന്നി പൊലീസ് സ്റ്റേഷനിലെത്തിയതിന്റെ പിറ്റേദിവസം മൂഴിയാറിലേക്കും ഒരാഴ്ച കഴിഞ്ഞ് പത്തനംതിട്ട ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കും മാറ്റി. തന്നെ നിയോഗിച്ച കാര്യത്തിനല്ല ഇപ്പോള്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തിരിച്ചു തിരുവനന്തപുരത്ത് എവിടെയെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കാണിച്ച് എസ്. സുരേഷ്‌കുമാര്‍ എഡിജിപി മനോജ് ഏബ്രഹാമിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.
എന്നാല്‍, സൈബര്‍ വിഭാഗത്തിന്റെ നല്ല ടീമാണ് അന്വേഷണത്തിനുള്ളതെന്നും ഈ എസ്‌ഐയുടെ നിയമനത്തെപ്പറ്റി അറിയില്ലെന്നും ജെസ്‌ന കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
Your comment?