അടൂര്‍: നഗരസഭാ ഓഫിസ് നിര്‍മാണത്തിനും മാലിന്യ സംസ്‌കരണത്തിനും ശുദ്ധജലക്ഷാമം പരിഹരിക്കാനും റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനും അടൂര്‍ നഗരസഭാ ബജറ്റില്‍ മുന്‍ഗണന. 49.35 കോടി രൂപ വരവും 49.09 കോടി രൂപ ചെലവും 25.44 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ ഉപാധ്യക്ഷന്‍ ജി. പ്രസാദാണ് അവതരിപ്പിച്ചത്.
നഗരസഭ അധ്യക്ഷ ഷൈനി ജോസ് അധ്യക്ഷതവഹിച്ചു. നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്‌സ് പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് തുടക്കം കുറിച്ച നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപയും കെയുആര്‍ഡിഎഫ്‌സിയില്‍ നിന്ന് വായ്പയായി 10 കോടി രൂപയും നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 2.50 കോടി രൂപയും ചേര്‍ന്ന് 14.50 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം
വയോജനങ്ങളുടെ ക്ഷേമത്തിനായി പകല്‍വീട് നിര്‍മാണത്തിന് 10 ലക്ഷം
ടൗണ്‍ഹാള്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മിക്കുന്നതിന് 50 ലക്ഷം
പുതിയകാവില്‍ ചിറയില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് 25 ലക്ഷം
ഗാന്ധിസ്മൃതി മൈതാനം ഏറ്റെടുക്കുന്നതിനായി അഞ്ചു ലക്ഷം
കൃഷിഭവന്‍ കെട്ടിടത്തിനു മുകളില്‍ ഇക്കോ ഷോപ് വഴി പച്ചക്കറി വിപണനം നടത്തുന്നതിനായി 10 ലക്ഷം ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞു
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നവയില്‍ ഒട്ടുമിക്ക പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ കഴിഞ്ഞതായി നഗരസഭാ അധ്യക്ഷ ഷൈനി ജോസ്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഡിജിറ്റലാക്കാനും 100 കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്താനും പള്ളിക്കലാറിലെ മാലിന്യം നീക്കം ചെയ്യാനും പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യാനും പ്ലാസ്റ്റിക് ഷെഡ്രിങ് യൂണിറ്റ് തുടങ്ങാനും ആധാര്‍ ലിങ്ക് ചെയ്ത് ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കാനും സാധിച്ചു.
നഗരവികസനവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങള്‍ ഒന്നുമില്ലാത്ത നിരാശാജനകമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഉമ്മന്‍ തോമസ്, സെക്രട്ടറി എസ്. ബിനു എന്നിവര്‍ പറഞ്ഞു.
Your comment?