അടൂരിനെ ‘മുടിപ്പിച്ച്’ മണ്ണുമാഫിയ അനധികൃത മണ്ണെടുപ്പിന് അനുമതി നല്‍കിയത് ജിയോളജി വകുപ്പ്
അടൂര്‍: എം.സി.റോഡരികില്‍ വടക്കടത്തുകാവ് ജങ്ഷനു സമീപം നടക്കുന്ന മണ്ണെടുപ്പ് അനധികൃതമെന്ന് റവന്യൂ വകുപ്പ് പറയുമ്പോള്‍തന്നെ അവിടെനിന്ന് വീണ്ടും മണ്ണെടുക്കാന്‍ ജിയോളജി വകുപ്പ് ഉത്തരവ് നല്‍കി. മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് ആദ്യം നല്‍കിയ ഉത്തരവ് നിലനില്‍ക്കുമ്പോള്‍തന്നെയാണ് ക്രമവിരുദ്ധമായി അടുത്ത ഉത്തരവും നല്‍കിയത്.
ബില്‍ഡിങ് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് മാര്‍ച്ച് 12-നാണ് ആദ്യ ഉത്തരവ് ജിയോളജി വകുപ്പ് നല്‍കിയത്. 1238 മെട്രിക് ടണ്‍ മണ്ണ് 155 ലോഡുകളിലായി നീക്കംചെയ്യുന്നതിന് 22 വരെ അനുമതിയും നല്‍കി.
എന്നാല്‍ സ്ഥലത്ത് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്ഥലത്തുനിന്ന് പറഞ്ഞതില്‍കൂടുതല്‍ ലോഡ് മണ്ണ് കൊണ്ടുപോയതായും പറഞ്ഞ സ്ഥലവിസ്തൃതിയില്‍ കൂടുതല്‍ സ്ഥലത്തുനിന്ന് മണ്ണ് ഖനനം ചെയ്തതായും കണ്ടെത്തി. ഇതിന്റെ നടപടി പുരോഗമിക്കുമ്പോഴാണ് ജിയോളജി വകുപ്പ് അടുത്ത ഉത്തരവ് നല്‍കുന്നത്.
19-ന് നല്‍കിയ രണ്ടാമത്തെ ഉത്തരവില്‍ സ്ഥലത്തുനിന്ന് അനുവദിച്ച കാലാവധിയില്‍ പറഞ്ഞ അളവ് മണ്ണ് നീക്കംചെയ്യാന്‍ സാധിച്ചില്ലെന്നും 800 മെട്രിക് ടണ്‍ മണ്ണ് കൂടി നീക്കംചെയ്യാനുണ്ടെന്നും സ്ഥലം ഉടമകളായ വ്യക്തികള്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് 28 വരെ 100 ലോഡ് മണ്ണ് കൂടി മാറ്റാനുള്ള പാസ്സുകളാണ് അനുവദിച്ചിരിക്കുന്നത്. ജിയോളജി വകുപ്പ് പഴയ ഉത്തരവ് നോക്കാതെയും സ്ഥലപരിശോധന നടത്താതെയും വീണ്ടും പാസ് അനുവദിച്ചതാണ് ഇപ്പോള്‍ വിവാദമായത്.
ജിയോളജി വകുപ്പ് സ്ഥലത്ത് രണ്ട് പാസ്സുകള്‍ നല്‍കിയതിനെ കുറിച്ച് പരിശോധിക്കുമെന്ന് ജില്ലാ ജിയോളജിസ്റ്റ് വഹാബ് പറഞ്ഞു. റവന്യൂ വകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍തന്നെ ഉത്തരവില്‍ പറഞ്ഞ അളവില്‍ കൂടുതല്‍ മണ്ണ് കൊണ്ടുപോയിട്ടുണ്ട്. കൂടുതല്‍ സ്ഥലത്തും ഖനനം നടത്തിയതായി പ്രാഥമിക പരിശോധനയില്‍തന്നെ ബോധ്യമായി. ഇതിനെതിരേ നടപടി കൈക്കൊള്ളുമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.
Your comment?