ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ രണ്ടു ദശാബ്ദങ്ങള്‍ പിന്നിട്ട രാജേഷ് തിരുവല്ല എന്ന വ്യക്തിയും അദ്ദേഹം സ്വന്തമായി മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച മഹാത്മ ജനസേവനകേന്ദ്രവും ഇന്ന് അറിയപ്പെടാത്ത പ്രദേശങ്ങളില്ല. ഭാരതത്തിലും വിദേശത്തും മഹാത്മയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദത്തിന് അര്‍ഹമായിട്ടുണ്ട്. 2018 ഏപ്രില്‍ 15ന് മഹാത്മ അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. ചേന്നമ്പള്ളില്‍ ശ്രീധര്‍മശാസ്താ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനവും കലാപരിപാടികളും മഹാത്മ കുടുംബത്തിന് നവ്യാനുഭവം പകരും.
മഹാത്മയുടെ മുഖപത്രമായ ‘മാഹാത്മ്യം’ ജീവകാരുണ്യ മാസിക ഇതിനകം ജനകീയ പ്രശ്‌നങ്ങള്‍ സമൂഹമധ്യത്തില്‍ അവതരിപ്പിച്ച് ശ്രദ്ധനേടി.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല തോട്ടഭാഗം തുണ്ടുപറമ്പില്‍ വീട്ടില്‍ വക്കീല്‍ ഗുമസ്ഥനായ തങ്കപ്പന്റെയും പൊന്നമ്മയുടെയും ഏക മകനായി ജനിച്ച ടി.കെ രാജേഷ് എന്ന രാജേഷ് തിരുവല്ല എന്ന 45 കാരനാണ് 25 വര്‍ഷമായി അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായി പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലുമൊരു പ്രത്യേക സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളല്ല രാജേഷ്. സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി നല്‍കാന്‍ ഈ ചെറുപ്പക്കാരന്‍ ശ്രമിച്ചിട്ടില്ല. ഒരു അഭയകേന്ദ്രം നടത്തിപ്പുകാരന്‍ എന്നതിലുപരി ഇദ്ദേഹത്തെപ്പറ്റി മിക്കവര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.
മഞ്ഞാടി മാര്‍ത്തോമ്മ സേവിക സംഘം റസിഡന്‍ഷ്യല്‍ യു.പി സ്‌കൂളില്‍ മകനെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ആ മാതാപിതാക്കള്‍ ഒന്നേ ആഗ്രഹിച്ചുള്ളു. മകന്‍ നന്നായി പഠിച്ച് വലിയ നിലയിലാകണം. അന്ന് 15 രൂപയായിരുന്നു സ്‌കൂളിലെ പ്രതിമാസ ഫീസ്. ഇത്രയും വലിയ ഫീസ് നല്‍കാന്‍ ദരിദ്ര കുടുംബത്തിലെ ആ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. പഠനത്തില്‍ ഒന്നാം റാങ്കും പാഠ്യേതര രംഗങ്ങളില്‍ മികവു പുലര്‍ത്തുകയും ചെയ്ത രാജേഷിന്റെ പഠനം സാമ്പത്തിക പരാധീനത മൂലം മുടങ്ങാന്‍ വിധി അനുവദിച്ചില്ല. സ്‌കൂളിലെ അധ്യാപികമാരാണ് സ്‌നേഹവായ്‌പോടെ രാജേഷിന്റെ പഠനകാര്യങ്ങളില്‍ സഹായിച്ചത്. അവന് യൂനിഫോമും ഉച്ചഭക്ഷണവുംം കൊണ്ടു വന്ന് സ്റ്റാഫ് റൂമില്‍ വെക്കും. ഉച്ചക്ക് അവന്‍ പൊതിച്ചോറ് എടുത്തുകൊണ്ടു പോയി വയറുനിറയെ ഭക്ഷിക്കും. പുസ്തകങ്ങളും ബുക്കുകളും പേനയും പെന്‍സിലുമെല്ലാം അവരായിരുന്നു അവനു വാങ്ങിക്കൊടുത്തിരുന്നത്. വിദ്യാഭ്യാസ നിലവാരത്തോടൊപ്പം ബൈബിള്‍ വേദപാഠം അവാര്‍ഡും ഇതിനകം നേടിയ ഈ കൊച്ചുമിടുക്കന് എഴാം ക്ലാസില്‍ എല്‍.ഡി.എഫിന്റെ പോഷക സംഘടന-ഡൈനാമിക് ആക്ഷന്‍ ആണ് സഹായത്തിനെത്തിയത്. ന്റെ നേതൃത്വത്തില്‍ പഠന ചെലവു വഹിച്ചു. നേതൃ പാടവവും സംഘാടനവൈഭവവും കൊണ്ട് വിദ്യാര്‍ഥിയായിരിക്കെ തന്നെ ശ്രദ്ധേയനായിരുന്നു രാജേഷ്. സാമ്പത്തികപരാധീനതയില്‍ പഠനം മുടങ്ങിപ്പോള്‍ പരാജയപ്പെടാന്‍ കൂട്ടാക്കാതെ അദ്ധ്വാനത്തിനൊപ്പം വിദ്യാഭ്യാസമെന്ന മാര്‍ഗ്ഗത്തി്ല്‍ സഞ്ചരിച്ചുവെങ്കിലും നിയമബിരുദമെന്ന സ്വപ്‌നം സഫലമാക്കുവാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. ഉപജീവനത്തിനായ് മാര്‍ക്കറ്റിംഗ് ആന്റ് അഡ്വര്‍ഡൈസ്‌മെന്റ് മേഖലയിലേക്ക് ചേക്കേറിയെങ്കിലും സാമൂഹ്യ പ്രവര്‍ത്തനമേഖല വിട്ടുനില്‍ക്കാന്‍ സാധ്യമായില്ല. സൗഹൃദകലാ സാംസ്‌കാരിക വേദി, സൗഹൃദകലാനിലയം എന്നീ സംഘടനകള്‍ സ്ഥാപിച്ച് രോഗാതുരരെ സഹായിക്കുക, നിര്‍ധനരായ കുട്ടികളെ വിദ്യാഭ്യാസത്തിന്‍ പിന്‍തുണക്കുക, നാടിന്റെ നന്മക്കായ് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ .സംഘടിപ്പിക്കുക, കലാകാരന്‍മാരുടെ കഴിവുകള്‍ അവതരിപ്പിക്കുവാന്‍ കലാനിലയം വഴി അവസരമുണ്ടാക്കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് രാജേഷ് തിരുവല്ല നേതൃത്വം നല്‍കിയിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷ ഒന്നാം ക്ലാസോടെ വിജയിച്ച രാജേഷിന് പ്രീഡിഗ്രിപൂര്‍ത്തീകരിച്ചു. പിന്നീട് എല്‍.എല്‍.ബിക്കു ചേര്‍ന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മൂലം പരീക്ഷ എഴുതാന്‍ പറ്റിയില്ല. എന്നാല്‍ നിരവധി നിയമപുസ്തകങ്ങള്‍ വായിച്ച അറിവ് ഉപയോഗിച്ച് കണ്ണീര്‍കയത്തില്‍ വീണ പലരെയും സഹായിക്കാന്‍ കഴിഞ്ഞതായി രാജേഷ് പറഞ്ഞു. പഠനകാലത്ത് റാന്നി സ്വദേശി അമ്മിണി ടീച്ചര്‍, ശ്രീമതി. കെ.ടി കോശി, ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവും സാമൂഹിക പ്രവര്‍ത്തകയുമായ അന്നമ്മ ജോസഫ്, രോഗദുരിതങ്ങളില്‍ പാടുപെട്ടപ്പോള്‍ സഹായമായെത്തിയ സുവിശേഷപ്രവര്‍ത്തകന്‍ കെ.ജെ ജയിംസ്, ജീവിതത്തിനൊരു വഴിത്തിരിവ് നല്കിയ ഡോ.ജേക്കബ് വടക്കഞ്ചേരി, രാഷ്ട്രീയവഴികാട്ടിയായ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സജീവ്, ജീവകാരുണ്യപ്രവര്‍ത്തകരായ കലയപുരം ജോസ്, പുനലൂര്‍ സോമരാജന്‍ അങ്ങനെ ജീവിതപാതയില്‍ സഹായമായി മാറിയ എത്രയെത്ര കരുണയുടെ കരങ്ങള്‍.
തിരികെയൊന്നും പ്രതീക്ഷിക്കാതെ ഒരു കടമപോലെ അവര്‍ ചെയ്തുതീര്‍ത്ത കര്‍മങ്ങളില്‍ നിന്ന് ആര്‍ജ്ജവമുള്‍ക്കൊണ്ട് ആ ദൗത്യം സ്വന്തം ജീവിതം കൊണ്ട് ഏറ്റെടുക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് രാജേഷ് തിരുവല്ല പറയുന്നു. തേടിയെത്തുന്ന സഹായഹസ്തങ്ങള്‍ ധാരാളമായതോടെ പൂര്‍ണ്ണ സമയവും സാമൂഹിക സേവനത്തിനു മാറ്റിവെച്ച രാജേഷ് തിരുവല്ലയെ തേടി ചില സംഘടനകളെത്തി. പിന്നീട് അഗതികള്‍ക്കായ് അഭയമൊരുക്കുന്ന ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രതിനിധിയായ് ജീവിതത്തിന്റെ ഒരു ദശകം ചെലവിട്ടു.
എയ്ഡ്‌സ് രോഗിയെ രക്ഷിച്ചു
2008 ല്‍ കോട്ടയത്ത് എയ്ഡ്‌സ് ബാധിതനായ ജോസി തോമസിനെക്കുറിച്ചുള്ള വാര്‍ത്ത പത്രത്തില്‍ വന്നതോടെ അയാളെ മോചിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന് തയാറാകേണ്ടി വന്നു. എന്നാല്‍ ഇതിന് ആരും തയാറായി വന്നില്ല. അങ്ങനെയിരിക്കെയാണ് ജോസി തോമസിന്റെ ദൈവദൂതനായി രാജേഷ് കടന്നു വരുന്നത്. അന്ന് രാജേഷ് പത്തനാപുരം ഗാന്ധിഭവനിലെ കോ ഓര്‍ഡിനേറ്ററായിരുന്നു.
രാജേഷിന്റെ സുഹൃത്തും കോട്ടയം സ്വദേശിയുമായ പ്രഫുല്‍ മുഖേനയാണ് രാജേഷ് കോട്ടയത്ത് എത്തുന്നത്. ജില്ലാ കലക്ടര്‍ മിനി ആന്റണി, എസ്.പി പി.ജി അശോക് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ജയകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ജോസി തോമസിനെ മോചിപ്പിച്ച് ചികിത്സ നല്‍കി അഭയകേന്ദ്രത്തില്‍ താമസിപ്പിച്ച് സംരക്ഷിച്ചുകൊള്ളാന്‍ അവര്‍ അനുമതിയും നല്‍കി. തുടര്‍ന്ന് രാജേഷിന് സാഹസികതയുടെ നിമിഷങ്ങളായിരുന്നു. ജോസിയുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞു. ഒടുവില്‍ പൊലീസ് സംരക്ഷണയില്‍ രാജേഷ് പട്ടിക്കൂടിന്റെ ഗ്രില്ല് പൊട്ടിച്ച് അകത്തു കടന്നു. അപ്പോള്‍ ജോസി പതിവു പോലെ ആക്രമണ സ്വഭാവവുമായി രാജേഷിനോടടുത്തു.
തികച്ചും മനഃശ്‌സാസ്ത്രപരമായ സമീപനമായിരുന്നു രാജേഷ് ജോസി തോമസിനോടു കാട്ടിയത്. അയാളുടെ ദേഷ്യവും ആക്രമണസ്വഭാവവുമെല്ലാം ഓടിയൊളിച്ചു. രാജേഷ് ജോസിയെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ ആക്‌സോ ബ്ലൈഡ് ഉപയോഗിച്ച് അറുത്തു മാറ്റി. അതിനു തുനിഞ്ഞപ്പോള്‍ അകലെ നിന്നിരുന്ന ഡോക്ടര്‍മാര്‍ വിലക്കി. ആക്‌സോ ബ്ലൈഡ് കൊണ്ട് അയാളുടെ ശരീരം മുറിഞ്ഞ് ചോര വന്നാല്‍ രാജേഷിനു രോഗം പകരുമെന്നായിരുന്നു ആ വിലക്കിന്റെ കാരണം. എന്നാല്‍ തന്റെ രക്തത്തില്‍ എയ്ഡ്‌സ് ബാധിതന്റെ രക്തം കലര്‍ന്നാലേ രോഗം പകരുവെന്നു പറഞ്ഞ് തന്റെ കൃത്യനിര്‍വഹണം പൂര്‍ത്തിയാക്കുകയായിരുന്നു രാജേഷ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഒരു അറ്റന്റര്‍ മാത്രമാണ് തന്നെ സഹായിക്കാന്‍ പട്ടിക്കൂട്ടിലേക്ക് കയറിവന്നതെന്ന് രാജേഷ് ഓര്‍ക്കുന്നു. ജോസി തോമസിനെ സ്വന്തം തോളിലിട്ടു കൊണ്ടാണ് രാജേഷ് പട്ടിക്കൂട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്ന വേളയില്‍ അന്നത്തെ മന്ത്രി മോന്‍സ് ജോസഫ്, എം.എല്‍.എമാരായ എന്‍ വാസവന്‍, തോമസ് ചാഴിക്കാടന്‍ എന്നിവരടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ജോസി തോമസിനെ ഗാന്ധി ഭവനില്‍ എത്തിച്ച് രണ്ടു വര്‍ഷം രാജേഷിന്റെ പൂര്‍ണചുമതലയില്‍ സംരക്ഷിച്ചു. എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇയാളുടെ കാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ സമീച്ചെങ്കിലും ആരും തയാറായില്ല.
ഒടുവില്‍ ആരോഗ്യ മന്ത്രി പി..കെ ശ്രീമതിക്കു നല്‍കിയ അപേക്ഷയിന്മേല്‍ ഇതിന് പ്രത്യക സജ്ജീകരണം ഒരുക്കാം എന്ന് അവര്‍ ഉറപ്പു നല്‍കിയെങ്കിലും അതിന്റെ സാക്ഷാത്കരണത്തിനു കാത്തുനില്‍ക്കാതെ ജോസി തോമസ് യാത്രയായി. ദുരൂഹത നിറഞ്ഞ ആ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ തയാറായതുമില്ല. ജോസി തോമസിന് മുമ്പ് ഒരു വാഹനാപകട ഇന്‍ഷ്വറന്‍സ് ലഭിച്ചതില്‍ അഞ്ച് ലക്ഷം രൂപ അയാളുടെ അന്ത്യാഭിലാഷമായി എയ്ഡ്‌സ് രോഗികള്‍ക്ക് ഒരു കേന്ദ്രം നിര്‍മിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പുറത്തറിഞ്ഞപ്പോള്‍ അയാളുടെ വീട്ടുകാര്‍ ഇടപെട്ട് ഈ തുക തങ്ങള്‍ക്കു വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്തു നല്‍കി. ജില്ലാ കലക്ടര്‍ ഗാന്ധിഭവന്‍ അധികൃതരെയും വീട്ടുകാരെയും വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ തുക തങ്ങള്‍ക്കു വേണ്ട എന്ന് ഗാന്ധിഭവന്‍ ഡയറക്ടര്‍ പുനലൂര്‍ സോമരാജനും രാജേഷും അറിയിച്ചു. തുടര്‍ന്ന് സ്വന്തം വീട്ടില്‍ കുടുംബാംഗങ്ങളെ കാണാന്‍ പോയ ജോസി തോമസ് പഴയ പട്ടിക്കൂട്ടില്‍ മരിച്ചു കിടക്കുന്നുവെന്ന വാര്‍ത്തയാണ് പിന്നീട് ജനം അറിയുന്നത്.
തെരുവില്‍ നിന്ന് മോചിപ്പിച്ചത് 500 ലേറെ പേരെ
മാനസിക രോഗത്തിന്റെ പേരില്‍ രണ്ടു വര്‍ഷമായി വീട്ടുകാര്‍ ചങ്ങലക്കിട്ട് പീഢിപ്പിച്ചിരുന്ന കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയെയും അവിഹതഗര്‍ഭം പേറി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മത്തൊട്ടിലില്‍ എത്തിക്കുകയും പിന്നീട് കുഞ്ഞിനെ തിരിച്ചുകിട്ടാത്തതില്‍ മനം നൊന്ത് കോട്ടയം കലക്ടറേറ്റിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്ത കോട്ടയം തൃക്കൊടിത്താനം സ്വദേശി യുവതി കുഞ്ഞിനെയും രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ അനുമതിയോടെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. കഞ്ചാവിനും ചാരായത്തിനും വേണ്ടി സഹോദരിയെ സുഹൃത്തുക്കള്‍ക്കു വിറ്റ സഹോദരന്റെ കുഞ്ഞിനു ജന്മം നല്‍കിയ മാതാവിനെയും കുഞ്ഞിനെയും ഏറ്റെടുക്കാനും രാജേഷ് നേതൃത്വം വഹിച്ചു. സ്വന്തം പിതാവിന്റെ കുഞ്ഞിനു ജന്മം നല്‍കി കുഞ്ഞു മരിക്കുകയും കാട്ടില്‍ അവശ നിലയില്‍ കിടന്ന ആദിവാസി മലവേടന്‍ വിഭാഗത്തില്‍പ്പെട്ട യുവതിയെ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയില്‍ ചികിത്സയെ തുടര്‍ന്ന് ഗാന്ധിഭവനില്‍ സംരക്ഷണത്തിന് എത്തിക്കുകയും ചെയ്തു. കണ്ണൂരില്‍ നിന്ന് കാണാതായ മുസ്ലിം യുവതി മെനഞ്ഞ കഥ കള്ളമാണെന്നും സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവന്ന് വീട്ടുകാരെ യുവതിയെ തിരിച്ചേല്‍പ്പിക്കാന്‍ കാരണമായതും രാജേഷ് തന്നെ. കൈരളി പീപ്പിള്‍ ചാനലിലെ വാര്‍ത്താധിഷ്ഠിത പരിപാടിയായിരുന്ന ‘സമൂഹം ഒരു നേര്‍ക്കാഴ്ച്ച’ എന്ന 22 എപ്പിസോഡുള്ള പരിപാടിയുടെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത് രാജേഷായിരുന്നു. കൈരളി ചാനലില്‍ സെന്തില്‍ സംവിധാനം ചെയ്ത ‘നക്ഷത്ര ദീപങ്ങള്‍’, അമൃത ചാനലില്‍ ‘കഥയല്ല ജീവിതം’ എന്നീ പരിപാടികളിലും രാജേഷിന്റെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. കാസര്‍ഗോഡുള്ള കുഷ്ഠരോഗിയെക്കുറിച്ച് ജയ്ഹിന്ദ് ചാനലില്‍ വാര്‍ത്ത വരികയും അയാളെ കുഷ്ഠരോഗാശുപത്രിയിലെത്തിക്കുകയും ചെയ്തു. ‘കൈരളി’യില്‍ചലച്ചിത്ര നടി ഉഷയുടെ സാമ്പത്തിക സഹായത്തോടെ നിര്‍ധനരായവരും വിവാഹപ്രായം കഴിഞ്ഞ് 26 വയസിനു മുകളിലുള്ളവരെയും പരിഗണിച്ച് 10 യുവതികളുടെ വിവാഹം നടത്താന്‍ നേതൃത്വം നല്‍കിയത് രാജേഷാണ്. സംസ്ഥാനത്തെ പത്തു ജില്ലകളിലെ 60 പേരില്‍ നിന്നാണ് യുവതികളെ തെരഞ്ഞെടുത്തത്.
‘നവജീവന്‍’ മുതല്‍ സ്വന്തം ‘മഹാത്മ ജനസേവന കേന്ദ്രം’ വരെ
എറണാകുളം ‘നവജീവന്‍’, കരുനാഗപ്പള്ളി ‘ജീവാത്മ’ എന്നിവിടങ്ങളില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു ശേഷം രാജേഷ് കുറേക്കാലം ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തി. പിന്നീട് കലയപുരം ‘ആശ്രയ’, പത്തനാപുരം ‘ഗാന്ധിഭവന്‍’ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ച ശേഷം സ്വന്തമായി ഒരു അഭയ കേന്ദ്രം രാജേഷ് അടൂരില്‍ തുടങ്ങുകയായിരുന്നു.
‘നേട്ടങ്ങളെല്ലാം സാമൂഹിക നന്മയ്ക്കായ്’
ഈ ചിന്തയാണ് മഹാത്മ ജനസേവനകേന്ദ്രമെന്ന ജീവകാരുണ്യപ്രസ്ഥാനത്തെ ചുരുങ്ങിയ കാലം കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനമുറപ്പിക്കുവാന്‍ ഇടവരുത്തിയത്. കായംകുളം-പത്തനാപുരം സംസ്ഥാനപാതക്കരികില്‍ അടൂര്‍ ചേന്നമ്പള്ളില്‍ ജങ്ഷനില്‍ വാടകകെട്ടിടത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കൂടെനിന്ന് സഹായിക്കുവാന്‍ സാഹചര്യമില്ലാതെ മനോദുരിതത്തിലാവുന്ന സമൂഹത്തിന് മുമ്പില്‍ സഹായവാതില്‍ തുറന്നിട്ടിരിക്കുകയാണ് അടൂരിലെ മഹാത്മ ജറിയാട്രിക് കെയര്‍ ഹോസ്പിറ്റല്‍. കാഴ്ചയില്ലാത്തവര്‍ക്ക് കണ്ണുകളായ്, കാലില്ലാത്തവര്‍ക്ക് കാലുകളായ് വീണുപോയര്‍വര്‍ക്ക് കൈത്താങ്ങായ് ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ 120 ാളം സന്നദ്ധപ്രവര്‍ത്തകര്‍ രാവുകളെ പകലാക്കിയും പകലുകളെ കളിവീടാക്കിയും കുട്ടികളേപ്പോലെ വയോജനങ്ങളെ സംരക്ഷിക്കുന്നു. കോഴഞ്ചേരി തുണ്ടിഴം ജങ്ഷനിലും കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് വയണകുന്ന് കൈരളി ബില്‍ഡിങിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. റാന്നി അങ്ങാടിയില്‍ മഹാത്മയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നു. അടൂര്‍, കോഴഞ്ചേരി, കൊടുമണ്‍ എന്നിവിടങ്ങളിലായി 250 അന്തേവാസികളുണ്ട്. ജനപ്രതിനിധികള്‍, ഭരണാധികാരികള്‍, പോലീസ് അധികാരികള്‍ തുടങ്ങിയവരുടെ ശിപാര്‍ശയില്‍ തികച്ചും അര്‍ഹരായവരും ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ടവരും രോഗാതുരരായ വയോജനങ്ങളും കിടപ്പു രോഗികളുമാണിവിടെയുള്ളത്. ജാതി, മത, രാഷ്ട്രീയ വര്‍ണ്ണ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും നിത്യവുമാളുകള്‍ അഭയം തേടിയെത്തുന്നു. 2015 വിഷുദിനത്തില്‍ സേവന മാഹാത്മ്യത്തിന് കൈനീട്ടമായ് ലഭിച്ചത് ഏകദേശം 90 ലക്ഷംരൂപ വിലമതിക്കുന്ന മുപ്പത് സെന്റ് ഭൂമിയാണ്. മലയാലപ്പുഴയില്‍ പത്തനംതിട്ട നഗരസഭ മുന്‍ സൂപ്രണ്ട് പ്രിയദര്‍ശന നല്‍കിയതാണ് ഈ സ്ഥലം. സ്വന്തമായി കെട്ടിടം പണിയാന്‍ പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് മഹാത്മ പ്രവര്‍ത്തകര്‍.
ജീവകാരുണ്യ ഗ്രാമം
വിശ്രമജീവിതം ആനന്ദകരമാക്കാന്‍ മഹാത്മ ജനസേവനകേന്ദ്രം നടപ്പാക്കുന്ന പദ്ധതിയാണ് ‘മഹാത്മ ജീവകാരുണ്യ ഗ്രാമം.’ മഹാത്മയുടെ മുഖപത്രമായ ‘മാഹാത്മ്യം’ ജീവകാരുണ്യ മാസിക ഇതിനകം ജനകീയ പ്രശ്‌നങ്ങള്‍ സമൂഹമധ്യത്തില്‍ അവതരിപ്പിച്ച് ശ്രദ്ധനേടി. വയോജനപരിപാലനത്തിനായ് ആധുനിക സൗകര്യങ്ങളോടുകൂടിയ കേന്ദ്രമാണ് മഹാത്മ വിഭാവന ചെയതിരിക്കുന്നത്. ആത്മവിശ്വാസം പകര്‍ന്ന്..നന്മയുടെ വഴിത്താരയില്‍ രാജേഷ് തിരുവല്ലയും കൂട്ടിന് ഭാര്യ പ്രിഷീല്‍ഡയും മക്കളുമൊത്ത് ഇവിടെ തന്നെ കഴിയുന്നു.
-അന്‍വര്‍ എം. സാദത്ത്
Your comment?