
അടൂര്‍: ഷാര്‍ജയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് മരിച്ചു. തിരുവല്ല കാവുംഭാഗം തെക്കേടത്ത് പരേതനായ ചെല്ലപ്പനാചാരിയുടെ മകന്‍ അവനീഷ് കുമാറാ (49)ണ് മരിച്ചത്. പുലര്‍ച്ചെ 4.30 ന് എം.സി റോഡില്‍ നടക്കാവ് ജങ്ഷനിലായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷ വേലിയില്‍ ഇടിച്ചു രണ്ടു കരണം മറിഞ്ഞ് റോഡിലേക്കു വീണാണ് അപകടം. നേരത്തെ മസ്‌ക്കറ്റിലായിരുന്നു അവനീഷിന് ജോലി.
ഷാര്‍ജയില്‍ പോയതിന് ശേഷം ആദ്യമായാണ് നാട്ടിലെത്തുന്നത്. ഒപ്പമുണ്ടായിരുന്ന സന്തോഷ്, അശോക് കുമാര്‍, ശ്യാം എന്നിവര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വരുന്ന വഴിയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
ഭാര്യ: പുറമറ്റം മുണ്ടപ്ലാക്കല്‍ കുടുംബാംഗം രാധാമണി. മക്കള്‍: അമൃത അവനീഷ് (കോതമംഗലം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നാംവര്‍ഷ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിനി), അക്ഷയ് അവനീഷ് (കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസ്. 10 -ാം ക്ലാസ് വിദ്യാര്‍ഥി). മൃതദേഹം തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.
Your comment?