ഏഴംകുളം അംബരചുംബികളായ കെട്ടു കുതിരകളും ഇരട്ടക്കാളകളും ഓരോന്നായി അണിനിരന്നു. ഒപ്പം കരക്കാരുടെ ആര്‍പ്പുവിളികളും ആഹ്ലാദാരവങ്ങളും മുഴങ്ങി. കൂടെ വാദ്യമേളങ്ങളും മുറുകി. ഏഴംകുളം ദേവീക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് കമനീയ ദൃശ്യമായി.
ഭക്തിയുടെയും സമൃദ്ധിയുടെയും നിറക്കാഴ്ചയൊരുക്കി ദേശദേവതയായ ഏഴംകുളത്തമ്മയക്ക് തിരുമുല്‍കാഴ്ചയായാണ് ഭക്തര്‍ നിറമനസ്സോടെ കെട്ടുകാഴ്ച സമര്‍പ്പിച്ചത്. ഈ കാഴ്ചവിരുന്ന് ദര്‍ശിക്കാന്‍ ഉച്ചയോടെ ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. ഇന്നലെ വൈകിട്ട് നാലിനാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കാഴ്ച കണ്ടത്തില്‍ ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കല്‍ കിഴക്ക്, നെടുമണ്‍, പറക്കോട് വടക്ക്, പറക്കോട് ഇടയില്‍ എന്നീ കരകളിലെ കെട്ടുകുതിരകളും അറുകാലിക്കല്‍ പടിഞ്ഞാറ്, പറക്കോട് തെക്ക്, മങ്ങാട്, ചെറുകുന്നത്ത് എന്നീ കരകളിലെ ഇരട്ടക്കാളകളുമാണ് കെട്ടുകാഴ്ചകളായി കാഴ്ചകണ്ടത്തില്‍ അണിനിരന്നത്.
ഏഴംകുളത്തമ്മ ജീവതയില്‍ ഓരോ കെട്ടുരുപ്പടികളുടെയും അടുത്തെത്തി അനുഗ്രഹം ചൊരിഞ്ഞതോടെ വാദ്യ മേളങ്ങളുടെ അകമ്പടിയില്‍ മനസ്സില്‍ ഭക്തിയും ആവേശവും നിറച്ച് കരക്കാര്‍ കെട്ടുരുപ്പടികളെ എഴുന്നള്ളിച്ച് ദേവീസന്നിധിയെ ലക്ഷ്യമാക്കി നീങ്ങി. സന്ധ്യയോടെ വര്‍ണപ്പൊലിമയില്‍ കെട്ടുരുപ്പടികള്‍ എല്ലാം ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അണിനിരന്നപ്പോള്‍ ആ കാഴ്ച കാണികളുടെ മനസ്സില്‍ മറ്റൊരു നിറച്ചാര്‍ത്തായി മാറി. കെട്ടുകാഴ്ചയ്ക്കു ശേഷം ഈ വര്‍ഷം ആദ്യമായി ഒരിപ്പുറത്തമ്മയ്ക്ക് എതിരേല്‍പു നല്‍കുന്ന ചടങ്ങും നടത്തി
Your comment?