അടൂര്‍:തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഇനിയുള്ള ഒന്‍പത് നാളും പെരിങ്ങനാടും സമീപദേശക്കാര്‍ക്കും തൃച്ചേന്ദമംഗലം മഹാദേവര്‍ക്ക് തിരുമുല്‍കാഴ്ച ഒരുക്കുന്നതിനുള്ള തിരക്കാണ്.വെള്ളിയാഴ്ച രാത്രി എട്ടിന് തന്ത്രിയുടെ പ്രതിനിധി ഇ.എം.എസ്. നാരായണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. ക്ഷേത്ര മേല്‍ശാന്തി ശ്രീകുമാര്‍ നമ്പൂതിരി സഹകാര്‍മ്മികത്വം വഹിച്ചു.
വൈകീട്ട് ആറരയ്ക്ക് തന്നെ കൊടിയേറ്റിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്ര മണ്ഡപത്തില്‍ വിളക്കുെവച്ച് പാണി കൊട്ടി കൊടിക്കൂറ തന്ത്രി പ്രതിനിധിയും ക്ഷേത്ര മേല്‍ശാന്തിയും കൂടി പൂജിച്ച് പുണ്യാഹം തളിച്ച് ശുദ്ധി വരുത്തി. ശ്രീകോവിലിനുള്ളില്‍നിന്ന് ദേവചൈതന്യവും ദേവവാഹന ചൈതന്യവും ആവാഹിച്ച് കുത്തുവിളക്കിന്റെയും പാണി വിളക്കിന്റെയും അകമ്പടിയോടെ കൊടിമരച്ചുവട്ടിലെത്തിച്ചു. തുടര്‍ന്ന് ആരതിയുഴിഞ്ഞ് ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി തൃച്ചേന്ദമംഗലത്ത് കൊടിയേറ്റ് നടത്തി.
കൊടിയേറ്റ് സദ്യയ്ക്ക് ആയിരങ്ങള്‍
തൃച്ചേന്ദമംഗലത്ത് കൊടിയേറ്റിന് മുന്നോടിയായി നടന്ന കൊടിയേറ്റ് സദ്യക്ക് ആയിരങ്ങള്‍ പങ്കാളികളായി.ക്ഷേത്രത്തിന് വടക്ക് ഭാഗത്തുള്ള ഉടയാന്‍ നടയില്‍ കരക്കാര്‍ വെറ്റിലയും പാക്കും പുകയിലയുംെവച്ച് കര പറഞ്ഞതിന് ശേഷമാണ് കൊടിയേറ്റ് സദ്യ ആരംഭിച്ചത്.
മണ്ണടി രവീന്ദ്രന്‍നായരും അമ്മകണ്ടകര പരമേശ്വരന്‍നായരും ചേര്‍ന്നാണ് കൊടിയേറ്റ് സദ്യ തയ്യാറാക്കിയത്. തെക്കുംമുറി, മൂന്നാളം, ചെറുപുഞ്ച, അമ്മകണ്ടകര, പോത്തടി, മുണ്ടപ്പള്ളി, കരുവാറ്റ, മേലൂട്, മലമേക്കര, കുന്നത്തൂക്കര എന്നീ കരകളില്‍ നിന്നുള്ള പ്രതിനിധികളാണ് കൊടിയേറ്റ് സദ്യ വിളമ്പിയത്.
പുഷ്പാഭിഷേകവും
മഹാദേവന്റെ കൊടിയേറ്റിന് ശേഷം ക്ഷേത്രത്തില്‍ പുഷ്പാഭിഷേകവും പുഷ്പാലങ്കാരവും നടന്നു.
തൃച്ചേന്ദമംഗലത്ത് ഇന്ന്
കളഭാഭിഷേകം 10.30, ഉത്സവബലി 11.30, ഓട്ടന്‍തുള്ളല്‍ 5.00, ചലച്ചിത്രതാരം സുരാജ് വെഞ്ഞാറുമ്മൂടിന്റെ സിനിവിഷന്‍ മെഗാഷോ 8.00.
Your comment?