അടൂര്‍: ലോക തണ്ണീര്‍ത്തടദിനത്തില്‍ നിലം ചെളിവാരിവെച്ച് നികത്താനുള്ള ശ്രമം സ്ത്രീകള്‍ തടഞ്ഞു. അടൂര്‍ നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ കാഞ്ഞിരവേല്‍ ഏലായിലെ ഒരേക്കറോളം വരുന്ന നിലമാണ് നികത്താന്‍ ശ്രമം നടന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ചെളി കോരിയിട്ടത്. നിര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും സ്ഥല ഉടമ കേള്‍ക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ രാജി ചെറിയാന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ തന്നെ നേരിട്ടിറങ്ങി പണി തടയുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി നിലം രൂപമാറ്റം നടത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ സ്ത്രീകള്‍ സംഘടിച്ചെത്തിയത്. മണ്ണുമാന്തിയന്ത്രം കടത്തിക്കൊണ്ട് പോകാനുള്ള ശ്രമവും ഇവര്‍ തടഞ്ഞു.
പിന്നീട് കൃഷി വകുപ്പ്, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിരോധന ഉത്തരവ് നല്‍കി. ഇവിടെ നിലത്തില്‍ കുഴി എടുത്തപ്പോള്‍ തന്നെ സമീപസ്ഥലത്തെ കിണറുകളില്‍നിന്നു ജലം വലിഞ്ഞിരുന്നു. സമീപത്ത് ഉയര്‍ന്ന സ്ഥലത്തുള്ള അട്ടക്കുളം, മേലേതില്‍ കോളനികളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഇത് നെല്‍കൃഷി ചെയ്തിരുന്ന സ്ഥലമാണ്. ചെളിവാരി നിറച്ചത് തെങ്ങുെവയ്ക്കാനാണെന്നാണ് ഉടമയുടെ ഭാഷ്യം.
Your comment?