അടൂര്‍: അഴിമതിക്കെതിരേ സന്ധിയില്ലാതെ മുമ്പോട്ട് പോകുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ. പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവായ ലക്ഷ്യങ്ങള്‍ നേടുന്നതിന് ജനങ്ങളെ അണിനിരത്തി മുമ്പോട്ട്പോകാന്‍ നമ്മുടെ മുന്നണിയുടെ ശക്തിയും പ്രഹരശേഷിയും വര്‍ധിക്കണം.
ആ പ്രഹരശേഷി വര്‍ധിക്കണം എന്ന് പറയുമ്പോള്‍ സി.പി.ഐ. യുടെ സാന്നിധ്യം കൂടുതലായിട്ട് ഉണ്ടാകണം. നമ്മുടെ ബഹുജന സംഘടനകളും പ്രവര്‍ത്തകരും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോകണം. സി.പി.ഐ.യും സി.പി.എമ്മും രണ്ട് പാര്‍ട്ടികള്‍ എന്ന നിലയില്‍ സ്വാഭാവികമായി ചില കാര്യങ്ങളിലൊക്കെ രണ്ടഭിപ്രായം വരും.
ഒരു പാര്‍ട്ടിക്ക് തന്നെ ഒന്നില്‍കൂടുതല്‍ അഭിപ്രായം വരുന്ന കാലഘട്ടത്തില്‍ രണ്ട് പാര്‍ട്ടികള്‍ക്ക് രണ്ടഭിപ്രായം പാടില്ല എന്ന് നമുക്ക് നിര്‍ബന്ധിക്കാന്‍ പറ്റുമോ?എന്നാല്‍ അടിസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.ഐ, സി.പി.എം. യോജിക്കുന്നത് പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ബദല്‍ വരുത്തിക്കൊണ്ടു വരുന്നതിനാണ്. പല കാര്യങ്ങളിലും രണ്ട് പാര്‍ട്ടികള്‍ എന്ന നിലയില്‍ വ്യത്യസ്ത സമീപനം കാണും. അത് ചര്‍ച്ച ചെയ്തു മുമ്പോട്ട് പോകുന്നതിനുള്ള സംവിധാനം ഇന്നുണ്ട്-കാനം രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജു, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, പി.പ്രസാദ്, മുണ്ടപ്പള്ളി തോമസ്, ചെങ്ങറ സുരേന്ദ്രന്‍, എം.വി.വിദ്യാധരന്‍, ഡി.സജി തുടങ്ങിയവര്‍ സംസാരിച്ചു.
Your comment?