ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ സുരക്ഷയ്ക്കായി ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, കമാന്‍ഡോ യൂനിറ്റുകള്‍ എന്നിവയടക്കം 5,200ഓളം വരുന്ന പൊലീസ് സേനയെ വിന്യസിച്ചതായി ശബരിമല പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍ സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2400 പൊലീസുകാരെ പമ്പയിലും നിലയ്ക്കിലും 2800 പേരെ സന്നിധാനത്ത് മാത്രമായും വിന്യസിച്ചിട്ടുണ്ട്. എരുമേലി 350, പുല്ലുമേട് 250 എന്നിങ്ങനെയും പൊലീസ് സേനയെ വിന്യസിച്ചു.
തിരക്ക് മൂലമുള്ള അപകടങ്ങള്‍, തീ പിടിത്തങ്ങള്‍, ബോംബ് സ്ഫോടനം എന്നിവ ഉള്‍പ്പെടെ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സേന സുസജ്ജമാണ്. സന്നിധാനം സെക്ടറിനെ പത്തായി വിഭജിച്ചാണ് സുരക്ഷാ വിന്യാസം. അത്യാഹിതമുണ്ടായാല്‍ പെട്ടന്ന് പ്രതികരിക്കാന്‍ കഴിയുന്ന വിധം ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, കേരള പൊലീസ്, ഫയര്‍ ഫോഴ്സ് എന്നിവയെ വിവിധ ഭാഗങ്ങളിലായി വിഭജിച്ച് വിന്യസിച്ചിട്ടുണ്ട്. മറ്റ് 16 വകുപ്പുകളുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനം.
10 ആംബുലന്‍സുകള്‍ പമ്പയില്‍ മാത്രം ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അത്യാഹിതമുണ്ടായാല്‍ ആംബുലന്‍സില്‍ കോട്ടയത്തോ പത്തനംതിട്ടയിലോ അടൂരിലോ ഉള്ള ആശുപത്രികളിലെത്തിക്കും. ഹെലികോപ്റ്ററിലാണെങ്കില്‍ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കിംസ് ഹോസ്പിറ്റല്‍ എന്നിവ ഇതിന് സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 20 ആംബുലന്‍സുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. അത്യാഹിതങ്ങള്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയത്.
72 സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചാണ് നിരീക്ഷണം നടത്തുന്നത്. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു. കേരള പൊലീസിന്റെ ഡ്രോണ്‍, ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ എന്നിവ ഉപയോഗിച്ചും വ്യോമ നിരീക്ഷണം നടത്തുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സന്നിധാനത്ത് മാത്രമല്ല, എരുമേലിയിലും പുല്ലുമേട്ടിലും നിരീക്ഷണം നടത്തുന്നു.
തീവ്രവാദ ഭീഷണി നേരിടുന്നതിനായി തണ്ടര്‍ബോള്‍ട്ടുള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സേവനം ഉപയോഗിക്കുന്നു. കൂടാതെ ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡും കര്‍മനിരതരാണ്. ഐ.ജി മനോജ് അബ്രഹാമിനെയും എസ്.പി ജാദേവിനെ സ്പെഷല്‍ ഓഫീസറായും എസ്.പി നാരായണനെയും പമ്പയില്‍ മാത്രമായി നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്ത് സ്പെഷല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്റയെ സഹായിക്കാനായി എ.ഡി.ജി.പിയും ഐ.ജി എസ്. ശ്രീജിത്തും ഉണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.ജി എസ്. ശ്രീജിത്ത്, സ്പെഷല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്റ എന്നിവരും സംബന്ധിച്ചു.
Your comment?