വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക ജൈവവൈവിധ്യ പാര്‍ക്കുകളുടെ ലക്ഷ്യം – മന്ത്രി
കടമ്പനാട്:വിദ്യാര്‍ഥികളില്‍ ചെറുപ്രായത്തില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാണ് സ്‌കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ജലസ്രോതസ്സുകളുടെ തീരങ്ങളില്‍ കയര്‍ഭൂവസ്ത്രം വിരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പനാട് കെ.ആര്‍.കെ.പി.എം. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ജൈവവൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. ജൈവ വൈവിധ്യത്തിന്റെയും കൃഷിയുടെയും പ്രാധാന്യം വരുംതലമുറയെ ബോധ്യപ്പെടുത്തുന്നതിനാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളെ സമ്പന്നമാക്കി കൃഷിയെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. പറഞ്ഞു. സംസ്ഥാനത്തിനാകെ മാതൃകയാകത്തക്ക വിധം ജില്ലയിലെ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുവാന്‍ നമുക്കു കഴിഞ്ഞു. പള്ളിക്കലാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ടും ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ കുറഞ്ഞ സാഹചര്യത്തിലാണ് വ്യവസായ വകുപ്പ് കയര്‍ഭൂവസ്ത്രം വിരിക്കുന്ന പദ്ധതിയുമായി മുന്നോട്ടുവന്നത്. ഇത് കയര്‍മേഖലയ്ക്ക് ഉണര്‍വു നല്‍കുന്നതോടൊപ്പം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും സഹായകരമാകുമെന്നും എം.എല്‍.എ. പറഞ്ഞു.
കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍.അജീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.മുരുകേഷ്, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാ രാജന്‍, വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സരസ്വതിയമ്മ, കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനതല പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.ആര്‍.കെ.പി.എം. സ്‌കൂളിലെ സോജു വി.ജോസ്, റവന്യൂ ജില്ലാ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എ.അനന്തു കൃഷ്ണന്‍ എന്നിവരെ മന്ത്രി ആദരിച്ചു.
Your comment?