കൈരളി മെഡിക്കല്‍ട്രസ്റ്റ് ആശുപത്രി കെട്ടിടത്തിന് ശാപമോക്ഷം: ഇനി മഹാത്മ ജനസേവനകേന്ദ്രം കൊടുമണ്ണിലും
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ചുപോയ കൈരളി മെഡിക്കല്‍ട്രസ്റ്റ് ആശുപത്രി കെട്ടിടത്തിന് ശാപമോക്ഷമാകുന്നു. യാത്രാദുരിതമുള്ള കാലത്ത് കൊടുമണ്‍ നിവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി വിദേശമലയാളിയായ ജോണ്‍മാത്യൂവിന്റെ ആശയത്തില്‍ രൂപീകരിച്ചതായിരുന്നു കൈരളി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍. ജോണ്‍മാത്യൂവിന്റെ സാമ്പത്തിക സഹായത്തിന് പുറമെ എം.ഒ കരുണാകരന്‍, പി. ജയപ്രകാശ്, ജോണ്‍ എബ്രഹാം എന്നിവരുള്‍പ്പെടെയുള്ള പത്ത് അംഗ ഭരണസമിതിയും അമ്പത് അംഗങ്ങളും ചേര്‍ന്നാണ് കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് സ്വരുകൂട്ടിയത്. 1991-ല്‍ 50 പേര്‍ക്ക് കിടത്തി ചികിത്സയുള്‍പ്പെടെയുള്ള സൗകര്യത്തോടെ തുടങ്ങിയ ആശുപത്രി 1994-ല്‍ മെഡിക്കല്‍ ലോബിയുടെ ചതിയില്‍പെട്ട് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു.
ആരും സംരക്ഷിക്കാതെ കിടന്ന കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകര്‍ത്ത് മോഷ്ടാക്കള്‍ ആശുപത്രി ഉപകരണങ്ങല്‍ അപഹരിച്ചു. പിന്നീട് സാമൂഹ്യ വിരുദ്ധരുടെ താവളമായ് മാറുകയായിരുന്നു. 2015-ല്‍ സമീപവാസികള്‍ കെട്ടിടം സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് പരാതി നല്കുകയും തുടര്‍ന്ന് കളക്ടര്‍ ഭാരവാഹികള്‍ക്ക് നല്കിയ നിര്‍ദ്ദേശ പ്രകാരം കമ്മിറ്റി പുനസംഘടിപ്പിച്ച് എന്‍. വിജയരാജന്‍ ചെയര്‍മാന്‍, പി. ജയപ്രസാദ് സെക്രട്ടറി, ടി.എന്‍ സോമരാജന്‍ ഖജാന്‍ജി എന്നിവരുടെ നേതൃത്വത്തില്‍ ആ കാലയളവിലെ ജില്ലാകളക്ടര്‍ എസ്. ഹരികിഷോറിന്റെ സാന്നിധ്യത്തില്‍ മഹാത്മ ജനസേവനകേന്ദ്രത്തിന് അഭയകേന്ദ്രം തുടങ്ങുവാന്‍ അനുമതി പത്രം കൈമാറി. പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഇപ്പോള്‍ കെട്ടിടം പുനരുദ്ധരിച്ചത്. കൊടുമണ്‍ നിവാസികള്‍, വ്യാപാരികള്‍, പ്രദേശവാസികളായ ഗള്‍ഫ് മലയാളികള്‍, സഹൃദയ കായിക കലാസമിതി എന്നിവരുടെ സഹായത്തോടെയാണ് കെട്ടിട പുനരുദ്ധാരണം നിര്‍വഹിച്ചത്.
16ന് രാവിലെ 10 മണിക്ക് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംമ്മേളനത്തില്‍ സംസ്ഥാന ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാദര്‍.റോയിമാത്യു വടക്കേല്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ മേരി സെബാസ്റ്റ്യന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ എന്നിവര്‍ മുഖ്യ അതിഥിയാവും. സംസ്ഥാന ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള യാചകപുനരധിവാസകേന്ദ്രമാണ് ഇവിടെയാരംഭിക്കുന്നത്. ആദ്യഘട്ടം എഴുപത് പേര്‍ക്കും, ഒന്നാം നില പൂര്‍ത്തിയാകും മുറക്ക് അമ്പത് പേര്‍ക്ക് കൂടി താമസസൗകര്യം ഇവിടെ ലഭ്യമാക്കുമെന്ന് ഭാരവാഹികളായ സി.വിചന്ദ്രന്‍, ജി.അനില്‍ കുമാര്‍ എന്നിവരറിയിച്ചു.
യാചക പുനരധിവാസം സജ്ജമാകുന്നതോടെ ജില്ലയിലെ പോലീസ് വിഭാഗത്തിനും ജനപ്രതിനിധികള്‍ക്കും ഏറെ സഹായകമാകും. നിലവില്‍ തെരുവില്‍ കണ്ടെത്തുന്നവരെ സംരക്ഷിക്കുവാനും സഹായിക്കുവാനും സാഹചര്യമില്ലാതെപലപ്പോഴും പ്രതിസന്ധിയിലാകുകയായിരുന്നു. മഹാത്മ ജനസേവനകേന്ദ്രത്തിന്റെ മൂന്നാമത്തെ സംരഭമാണ് കൊടുമണ്ണില്‍ വരുന്നത്. നിലവില്‍ ഇരുന്നൂറിലധികം വയോജനങ്ങളെ അടൂരിലും കോഴഞ്ചേരിയിലുമായി കേന്ദ്രം സംരക്ഷിച്ചുവരുന്നു.
Your comment?