അടൂര്‍: നഗരത്തിലെ ഓടയിലേക്ക് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ശൗചാലയത്തില്‍നിന്ന് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അടൂര്‍ ആര്‍.ഡി.ഒ. എം.എ. റഹീം അടിയന്തിരമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നഗരസഭ, റവന്യു, മൈനര്‍ ഇറിഗേഷന്‍, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
കെ.എസ്.ആര്‍.ടി.സി. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍, മാലിന്യം ഒഴുക്കിയത് കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നല്ല എന്ന് യോഗത്തെ അറിയിച്ചപ്പോഴാണ് തഹസീല്‍ദാരുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ സ്ഥല പരിശോധന നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍ നഗരസഭ കെ.എസ്.ആര്‍.ടി.സി. ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതിന് മറുപടിയായി സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ രേഖാ മൂലം നഗരസഭയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക യോഗം വിളിച്ച് കൂട്ടിയത്.
കെ.എസ്.ആര്‍.ടി.സി. ശൗചാലയത്തില്‍ നിന്നാണ് മാലിന്യം ഓട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഒഴുക്കിയതെന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, നഗരസഭ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണി നടക്കുന്ന സമയത്ത് പല തവണ ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടായപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി. അധികൃതരെ വിവരം അറിയിച്ചതാണ്. മാലിന്യം കാരണം ഓട നിര്‍മാണം നിര്‍ത്തി െവച്ചിരിക്കുകയാണ്. സംഭവത്തില്‍ നടപടി എടുക്കണമെന്ന് കാട്ടി പശ്ചിമഘട്ട സംരക്ഷണ സമിതി, അടൂര്‍ നഗരസഭ ബി.എം.സി. എന്നിവര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിയും നല്‍കി.
Your comment?