അടൂര്‍: നാല്‍പതു ദിവസം മുന്‍പ് എത്തിയ സൂപ്രണ്ടും അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്ഥലംമാറി പോയി. ഇതോടെ വീണ്ടും ജനറല്‍ ആശുപത്രി നാഥനില്ലാത്ത ആശുപത്രിയായി മാറി. ഒക്ടോബര്‍ 12ന് ചുമതലയേറ്റ സൂപ്രണ്ട് ഡോ. ബിനോയ് എസ്. ബാബുവാണ് മലയന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് ഇന്നലെ സ്ഥലംമാറി പോയത്.
ഒക്ടോബര്‍ 12ന് ചുമതലയേറ്റ ശേഷം സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനത്തിനായി പോയിട്ട് കഴിഞ്ഞ മൂന്നിനാണ് തിരികെ എത്തിയത്. ഇതിനു ശേഷം ആശുപത്രിയെ മികച്ച ആശുപത്രിയായി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു സൂപ്രണ്ട്. ഇതിനിടയിലാണ് ഇന്നലെ രാവിലെ സ്ഥലംമാറ്റ ഉത്തരവ് എത്തിയത്.
പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ട് ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് സ്ഥാനം ഒഴിഞ്ഞു. പകരം ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സരസ്വതിയമ്മയ്ക്കാണ് ചുമതല. ആശുപത്രിയിലെ തന്നെ ഡോക്ടര്‍ക്ക് സൂപ്രണ്ടിന്റെ ചുമതല നല്‍കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
ഗൈനക്കോളജി വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആശുപത്രിയുടെ ഭരണകാര്യങ്ങള്‍ കൂടി നിര്‍വഹിക്കേണ്ടി വരുന്നത്. അത് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ ആശുപത്രി സൂപ്രണ്ട് വാഴാത്ത ആശുപത്രിയായി മാറിയിരിക്കുകയാണ്. ഇവിടെ സൂപ്രണ്ടായി വരുന്നവര്‍ പെട്ടെന്നു തന്നെ ഇവിടെ നിന്ന് സ്ഥലംമാറി പോകുന്ന സ്ഥിതിയാണ്. അത് ആശുപത്രിയുടെ വികസനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്.
Your comment?