
അടൂര്‍: വഴിയരികില്‍ വരയുടെ വര്‍ണവസന്തമൊരുക്കിയാണ് സദാനന്ദന്റെ യാത്ര. കാല്‍നടയാത്രയ്ക്കിടയില്‍ കണ്ണില്‍പെട്ട മതിലില്‍ നിമിഷ നേരം കൊണ്ട് സദാനന്ദന്‍ വരച്ച വഴിയോര ചിത്രം കാഴ്ചയായി മാറി. കല്ല്, കരിക്കട്ട, പച്ചില എന്നിവകൊണ്ടാണ് വഴിപോക്കനായി നടന്നു വന്ന സദാനന്ദന്‍ വഴിയരികില്‍ വര്‍ണക്കാഴ്ച ഒരുക്കിയത്.
കായംകുളം ഭാഗത്തു നിന്നു കെപി റോഡിലൂടെയുള്ള കാല്‍നട യാത്രയ്ക്കിടയിലാണ് അടൂര്‍ ജനറല്‍ ആശുപത്രിക്കു പടിഞ്ഞാറു ഭാഗത്ത് ഫോട്ടോ പ്രിന്റ് ചെയ്യുന്ന കളര്‍ലാബിനു മുന്നിലുള്ള മതിലില്‍ വരകളാല്‍ വര്‍ണ വിസ്മയം ജനിപ്പിച്ചത്. ചിത്രകലയെ കുറിച്ചു വാചാലനായെങ്കിലും സ്വന്തം ജീവിതത്തെ കുറിച്ച് ഇയാള്‍ മനസ്സു തുറന്നില്ല.
പേര് സദാനന്ദനെന്നും സ്വദേശം തിരുവനന്തപുരമെന്നും പറഞ്ഞു. ഭാവനയില്‍ രൂപം കൊണ്ട വഴിയോരവും വഴിയരികിലെ വീടും ജീവന്‍ തുടിക്കുന്ന വഴിയാത്രക്കാരനെയും കണ്ണില്‍ കണ്ട കാന്‍വാസില്‍ ഒരുക്കിയിട്ട് പെയിന്റും ബ്രഷുമില്ലാത്ത ചിത്രകാരന്‍ യാത്ര തുടര്‍ന്നു. ജീവിതത്തിന്റെ താളം തെറ്റിയെങ്കിലും ചിത്രകല സദാനന്ദനെയും സദാനന്ദന്‍ ചിത്രകലയെയും കൈവിട്ടില്ല എന്നു തോന്നും.
വിധി ജീവിതത്തിന്റെ നിറം കെടുത്തിയെങ്കിലും സദാനന്ദന്റെ ചിത്രകലയ്ക്ക് മങ്ങലേറ്റിട്ടില്ല. പ്രകൃതി വസ്തുക്കള്‍കൊണ്ട് മതിലില്‍ തീര്‍ത്ത നിറക്കൂട്ടുകളെ മായ്ച്ചുകളയാന്‍ മഴയ്ക്കും തോന്നിയില്ല. ജീവിതവും യാത്രയും തെരുവീഥിയിലൂടെയാണെങ്കിലും തന്റെ ഭാവനകള്‍ക്ക് നിറം പകരുവാനുള്ള കാന്‍വാസ് തേടിയാണ് സദാനന്ദന്റെ യാത്ര.
Your comment?