വള്ളിക്കോട് : മദ്യപനായ മകനില്‍ നിന്നും സംരക്ഷണം ലഭിക്കാതെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ച കുളത്തൂരേത്ത് ലക്ഷംവീട് കോളനിക്ക് സമീപം മഠത്തിലേക്ക് വീട്ടില്‍ ജാനകിയമ്മ (95)ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ അഭയം നല്കി. ഏകമകന്‍ രാധാകൃഷ്ണന്‍ നായര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാരനായിരുന്നു. മദ്യപാനം നിമിത്തം ഭാര്യയും മകളും വേര്‍പെട്ട് കഴിയുകയാണ്. ജോലിയും നഷ്ടമായി. പഴകി തകര്‍ന്ന വീടിനുളളില്‍ അപകടകരമായ അവസ്ഥയിലായിരുന്നു വൃദ്ധമാതാവിന്റെയും ടി രാധാകൃഷ്ണന്റെയും താമസം. വീട്ടില്‍ പാചകം ചെയ്തിട്ട് നാളുകളായി.
അയല്‍ വീട്ടുകാര്‍ കനിഞ്ഞ് നല്കുന്ന ആഹാരം കഴിച്ചാണ് ജാനകിയമ്മ ജീവന്‍ നിലനിര്‍ത്തിയത്. വൃത്തിഹീനമായ വീടിനുള്ളില്‍ ചോര്‍ന്നൊലിക്കാത്ത സ്ഥലമില്ല. മുറികളിലാകെ മദ്യകുപ്പികള്‍. ഇവരുടെ ദുരവസ്ഥയറിഞ്ഞ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ. മനോഹരന്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതി പ്രകാരമായിരുന്നു നടപടി. കളക്ടര്‍ സാമൂഹ്യനീതി വകുപ്പിന് നിര്‍ദ്ദേശം നല്കുകയും സാമൂഹ്യനീതി വകുപ്പ് മഹാത്മ ജനസേവനകേന്ദ്രത്തിന് ചുമതല നല്കുകയും ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ മനോഹരന്‍, ലാലി, എന്നിവരുടെ സാന്നിധ്യത്തില്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ ആന്റണി, സി.ഇ.ഒ റ്റി.ഡി. മുരളീധരന്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
Your comment?