ആയിരം ചതുരശ്ര അടി മെഗാ സ്റ്റേജില്‍ 50 കുട്ടികള്‍ വേഷമിട്ട ‘രണ്ടാം മുഖം’ സൂപ്പര്‍ ഹിറ്റ്
അടൂര്‍: ആയിരം ചതുരശ്ര അടി മെഗാ സ്റ്റേജില്‍ 50 കുട്ടികള്‍ വേഷമിട്ട ‘രണ്ടാം മുഖം’ എന്ന ശാസ്ത്ര നാടകം മെഗാ ഹിറ്റ്. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ അടൂര്‍ നാഷനല്‍ സയന്‍സ് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പുതിയ അനുഭവം പകര്‍ന്നത്. നൊബേല്‍ സമ്മാനം നേടിയ മാഡം ക്യൂറിയുടെ 150ാം ജന്മദിനത്തില്‍ അവരെക്കുറിച്ചും മനുഷ്യരെ കൊല്ലുന്നതിന് പഠനം നടത്തിയ ജോസഫ് മെംഗലെയെക്കുറിച്ചുമാണ് നാടകം പറഞ്ഞത്.
ശാസ്ത്രത്തിന്റെ ഉപയോഗവും ദുരുപയോഗവും വ്യക്തമാക്കുന്ന നാടകത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ അരങ്ങു തകര്‍ത്തു. മാഡം ക്യൂറിയുടെ യൗവനകാലം അടൂര്‍ ഓള്‍ സെയിന്റ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പ്രാര്‍ഥനാ ചന്ദ്രനും വാര്‍ധക്യകാലം അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മറിയാ റോജയും അവതരിപ്പിച്ചു. തുമ്പമണ്‍ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയും മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ ഗോപിനാഥിന്റെ മകളുമായ കാവ്യ എസ്. സുനില്‍ ആണ് പിയറി ക്യൂറിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ജോസഫ് മെംഗലെയെ പള്ളിക്കല്‍ സ്‌കൂളിലെ അദില്‍ അവതരിപ്പിച്ചു. വിശ്വദര്‍ശന്‍ ചില്‍ഡ്രന്‍സ് തിയറ്റര്‍ നിര്‍മിച്ച ഈ നാടകം നാഷനല്‍ സയന്‍സ് മൂവ്‌മെന്റ് സെക്രട്ടറി ധനോജ് നായിക്, അടൂര്‍ രാജേന്ദ്രന്‍, അതിരുങ്കല്‍ സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം സ്റ്റേജില്‍ അതരിപ്പിച്ചതിന് ആറു ലക്ഷത്തോളം രൂപ ചെലവായതായി നാടകത്തിനു ചുക്കാന്‍ പിടിച്ച ധനോജ് നായിക് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നാഷനല്‍ സയന്‍സ് മൂവ്‌മെന്റ് പ്രസിഡന്റ് ജയചന്ദ്രന്‍ കമ്മത്ത് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ മുഖ്യാതിഥിയായിരുന്നു. കേരളാ ചില്‍ഡ്രന്‍ സയന്‍സ് കോണ്‍ഗ്രസ്ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രസിഡന്റ് സി.പി. അരവിന്ദാക്ഷന്‍ മാഡം ക്യൂറി അനുസ്മരണം നടത്തി. സീനിയര്‍ സയിന്റിസ്റ്റ് അജിത് പ്രഭു, പഴംകുളം സതീഷ്, അടൂര്‍ രാജേന്ദ്രന്‍, ധനോജ് നായിക്, മോഹന്‍ ജെ. നായര്‍, കോടിയാട്ട് രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Your comment?