ആട് ‘അകത്ത് ‘പുട്ട്’ പുറത്ത്: പൊലീസുകാരനെ കൊലപ്പെടുത്തി പുട്ടുകുഞ്ഞുമോന്‍ മുങ്ങിയിട്ട് 20 വര്‍ഷം
കൊല്ലം: പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ആട് ആന്റണി അകത്തായി. എന്നാല്‍ കോണ്‍സ്റ്റബിള്‍ ചന്ദ്രനെ കൊലക്കത്തിക്കിരയാക്കിയ പുട്ടുകുഞ്ഞുമോന്‍ വര്‍ഷം 20 പിന്നിടുമ്പോഴും പൊലീസിനെ കബളിപ്പിച്ച് പുറത്തു തന്നെ. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ചന്ദ്രനെ കുത്തിക്കൊന്ന കേസിലാണ് പുട്ടുകുഞ്ഞുമോന്‍ എന്നറിയപ്പെടുന്ന ജേക്കബ് പൊലീസിനെ വെട്ടിച്ച് വിലസുന്നത്. കൃത്യമായി പറഞ്ഞാല്‍ 20 വര്‍ഷവും എട്ട് മാസവുമായി പുട്ടുകുഞ്ഞുമോന്‍ ‘അപ്രത്യക്ഷ’നായിട്ട്.
1996 മാര്‍ച്ച് 7നാണ് കോണ്‍സ്റ്റബിള്‍ ചന്ദ്രന്‍ പുട്ടുകുഞ്ഞുമോന്റെ കുത്തേറ്റ് മരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു അന്ന് 22 വയസ്സുണ്ടായിരുന്ന കുഞ്ഞുമോന്‍. വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ആല്‍ത്തറമൂട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയായിരുന്നു സംഭവദിവസം ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നാല് പൊലീസുകാര്‍ക്ക്. ക്ഷേത്രത്തിന് തൊട്ടടുത്താണ് പൊലീസ് ക്വാര്‍ട്ടേഴ്സ്. മയ്യനാട് പുല്ലിച്ചിറ ധവളക്കുഴി ലക്ഷംവീട് സ്വദേശിയാണ് കുഞ്ഞുമോനെങ്കിലും കൊല്ലം നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയായിരുന്നു ഇയാളുടെ പ്രധാന വിഹാരകേന്ദ്രം. ഉത്സവസ്ഥലത്തെത്തിയ കുഞ്ഞുമോനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തിരിച്ചറിഞ്ഞു. തന്ത്രപരമായി കുഞ്ഞുമോനെ പിടികൂടിയ പൊലീസുകാര്‍ അയാളെയും കൂട്ടി ഒരു ഓട്ടോറിക്ഷയില്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഓട്ടോ, പൊലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്തെ ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ കുഞ്ഞുമോന്‍ സോക്സിനടിയില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ചന്ദ്രനെ കുത്തി. പരിഭ്രാന്തിക്കും ബഹളത്തിനുമിടയില്‍ കുഞ്ഞുമോന്‍ ഓടിമറഞ്ഞു. മാരകമായി മുറിവേറ്റ ചന്ദ്രനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു.
അന്ന് മുങ്ങിയ കുഞ്ഞുമോനെ ഇതുവരെ ആരും കണ്ടിട്ടില്ല. പൊലീസിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ അന്വേഷിച്ചിട്ടും കുഞ്ഞുമോന്റെ പൊടിപോലും കിട്ടിയില്ല. പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക ടീം വര്‍ഷങ്ങളായി കേരളത്തിലും കേരളത്തിനു പുറത്തും അന്വേഷണം നടത്തി വരികയാണ്. ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതിനിടെ 2009ലും 2011ലും ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസുകള്‍ പുറത്തിറക്കി. കാര്യമായ ഫലം അതിനും ലഭിച്ചില്ല. പാലക്കാട്ടും സേലത്തും തിരുവനന്തപുരത്തും കുഞ്ഞുമോന്‍ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. മയ്യനാട്ടെ വീട്ടില്‍ ഇയാള്‍ പലതവണ എത്തിയതായും കേട്ടിരുന്നു.
പുനലൂരിലെ ഒരു ക്വാറിയില്‍ കുഞ്ഞുമോനെ കണ്ടെന്നായിരുന്നു മറ്റൊരു പ്രചാരണം. എന്നാല്‍ അന്വേഷണത്തിന് ഈ സൂചനകളൊന്നും ഫലം ചെയ്തില്ല. രണ്ടുവര്‍ഷമായി അന്വേഷണം മന്ദീഭവിച്ചമട്ടിലുമാണ്. സംഭവം നടക്കുമ്പോള്‍ 22 വയസ്സുണ്ടായിരുന്ന കുഞ്ഞുമോന് ഇരുപത് വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപത്തില്‍ ഒട്ടേറെ മാറ്റം സംഭവിച്ചിട്ടുണ്ടാകും. ആളെ തിരിച്ചറിയാന്‍ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതാണ് അന്വേഷണസംഘത്തെ അലട്ടുന്ന മുഖ്യ പ്രശ്നം . ഏതായാലും ‘ആടി’നെ പിടികൂടാന്‍ കാട്ടിയ ശുഷ്‌കാന്തി പുട്ടു കുഞ്ഞുമോനെ പിടികൂടാന്‍ പോലീസും ഭരണ നേതൃത്വവും കാട്ടുന്നില്ലെന്ന ആക്ഷേപം കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ ചന്ദ്രന്റെ ബന്ധുക്കള്‍ക്കുണ്ട്.
അജോ കുറ്റിക്കന്‍
Your comment?