ഭാരത് ഹോസ്പിറ്റലിലെ നഴ്സ് സമരം 87 ദിവസം പിന്നിട്ടു; ഒത്തുതീര്‍പ്പിനില്ലാതെ കടുംപിടുത്തവുമായി മാനേജ്മെന്റ്
സ്വന്തം ലേഖകന്‍
കോട്ടയം:മാംസാഹാരങ്ങള്‍ക്കു നിരോധനം ഉള്ള ഹോസ്പിറ്റലില്‍ സ്റ്റാഫിന്റെ ഭക്ഷണ പാത്രങ്ങള്‍ പോലും തുറന്നു പരിശോധിക്കുന്ന നിലപാടാണ് മാനേജ്മെന്റിനുള്ളത്.
അനധികൃതമായി പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, കരാര്‍ എന്ന പേരില്‍ ഒഴിഞ്ഞ മുദ്രപത്രം മേടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാര്‍ 87 ദിവസത്തോളമായി സമരത്തിലാണ്. ആഗസ്ത് ഏഴിന് ആരംഭിച്ച സമരത്തിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ ഒക്ടോബര്‍ 17 മുതല്‍ മരണം വരെ നിരാഹാരം കിടക്കുകയാണ് നഴ്സുമാര്‍. ജോലി സമയത്ത് ഭക്ഷണം കഴിക്കുന്നതിനുള്ള സമയം അനുവദിക്കുക. കൂടെ കൂടെയുള്ള വകുപ്പ് മാറ്റം അവസാനിപ്പിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനാവശ്യമായ തൊഴില്‍ കരാര്‍ ഭാരത് ഹോസ്പിറ്റല്‍ എടുത്തിട്ടില്ല എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. മാംസാഹാരങ്ങള്‍ക്കു നിരോധനം ഉള്ള ഹോസ്പിറ്റലില്‍ സ്റ്റാഫിന്റെ ഭക്ഷണ പാത്രങ്ങള്‍ പോലും തുറന്നു പരിശോധിക്കുന്ന നിലപാടാണ് മാനേജ്മെന്റിനുള്ളത്. ഇതിനു മാത്രമായി മാനേജ്മെന്റ് ഒരു സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനാവശ്യമായ ഇടവേള നല്‍കുന്നതിനോ ഒഴിവു സമയങ്ങളില്‍ ഇരുന്ന് വിശ്രമിക്കുന്നതിനോ മാനേജ്മെന്റ് സമ്മതിക്കാറില്ല. ഒഴഞ്ഞ മുദ്ര പത്രത്തില്‍ മറ്റു നിവൃത്തികള്‍ ഇല്ലാതെ ജീവനക്കാര്‍ ഒപ്പിട്ടു കൊടുക്കുകയാണ് സാധാരണ ചെയ്യാറ്. ഇനി ഈ രീതി അംഗീകരിക്കാന്‍ ആവില്ല എന്നും സമരം ചെയ്യുന്ന നഴ്സുമാര്‍ വെളുപ്പെടുത്തി.
എന്നാല്‍ യാതൊരു കാരണവശാലും സമരം ചെയ്ത നഴ്സുമാരെ തിരിച്ചെടുക്കാന്‍ ആവില്ല എന്ന നിലപാടാണ് മാനേജുമെന്റിനുള്ളത്.
വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ ആണ് ജീവനക്കാരെ നിയമിക്കുന്നത്. ലേബര്‍ നിയമം അനുശാസിക്കുന്ന കരാര്‍ വ്യവസ്ഥ മാത്രമാണ് ഹോസ്പിറ്റല്‍ പിന്തുടരുന്നതെന്ന് ഭാരത് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ വിനോദ് പറഞ്ഞു. ഹോസ്പിറ്റലിനെതിരെ സമരം ചെയ്ത ഇവരെ തിരിച്ചെടുക്കാനാകില്ല . പകരം കരാര്‍ വ്യവസ്ഥ കഴിയാത്ത നഴ്സ്സുമാര്‍ക്ക് പ്രസ്തുത കാലാവധി വരെ അറ്റന്‍ഡന്‍സ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുവാന്‍ തയ്യാറാണ്. സമരക്കാരുടെ ആവശ്യങ്ങള്‍ എല്ലാം തികച്ചും അനാവശ്യമാണ്. സമരം മൂലം ഹോസ്പിറ്റല്‍ അടച്ചിടേണ്ടി വന്നാല്‍ മാനേജ്മെന്റ് അതിനും തയ്യാറാണെന്നും കരാര്‍ വ്യവസ്ഥ മാനേജ്മന്റ് തുടരുമെന്നും വിനോദ് പറഞ്ഞു .
87 ദിവസമായി തങ്ങള്‍ നടത്തിവരുന്ന അതിജീവന സമരത്തെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അവഗണിക്കുകയാണ് എന്ന ആരോപണവും നേഴ്‌സുമാര്‍ക്കുണ്ട്. ജനാധിപത്യ കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. മൈക്കിള്‍ ജയിംസ്, ജനറല്‍ സെക്രട്ടറി മജീഷ് കൊച്ചുമല എന്നിവര്‍ മാത്രമാണ് തുടക്കത്തില്‍ തന്നെ പിന്തുണയുമായി വന്നതെന്നും നഴ്‌സുമാര്‍ പറയുന്നു.
പ്രതികാര നടപടികള്‍ അവസാനിപ്പിച്ച് എത്രയും വേഗം തങ്ങളുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗികരിച്ച് സമരം ഒത്തു തീര്‍ക്കണം എന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
Your comment?