ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി. 2018 മാര്‍ച്ച് 31വരെയാണ് സമയപരിധി നീട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതാണിത്.
വിവിധ പദ്ധതികള്‍ക്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നീട്ടി. ആധാറിനെതിരായ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതുവരെ ആധാറില്ലാത്തവര്‍ക്ക് വേണ്ടിയാണ് സമയം നീട്ടി നല്‍കിയതെന്നും അല്ലാത്തവര്‍ ഡിസംബര്‍ 31നുള്ളില്‍ തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ലെന്നും കേന്ദ്രം അറിയിച്ചു.വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ എല്ലാ ഹര്‍ജികളും ഒക്ടോബര്‍ 30 ന് കോടതി പരിഗണിക്കും.
വ്യക്തികളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചുവെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുന്നത്. വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ആധാര്‍ ആക്ടില്‍ ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാമെന്നും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 7ന് കമ്മിറ്റി വീണ്ടും യോഗം ചേരുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശ്യാം ദിവാന്‍ എന്ന വ്യക്തിയാണ് ആധാറിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. ഡിസംബര്‍ 31 മുതല്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനിരിക്കുകയാണന്നും ഇക്കാര്യം ഉടന്‍ പരിഗണിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് തീയതി നീട്ടിയതായി കേന്ദ്രം അറിയിച്ചത്. മുന്‍പും ദിവാന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സെപ്തംബര്‍ 30 വരെയുള്ള തിയതി ഡിസംബര്‍ 31 വരെ നീട്ടിയത്.
Your comment?