മുംബൈ: ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു ബോംബെ ഹൈക്കോടതി. വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ആര്‍ക്കും പുറത്താക്കാനാവില്ലെന്നും സുപ്രധാന ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
മുംബൈയിലെ കുടുംബ കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് ആദ്യം വന്നത്. ആദ്യ ഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടാന്‍ ഭാര്യ തയാറാകുക, അതല്ലെങ്കില്‍ തന്റെ ബന്ധം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ് മുംബൈ സ്വദേശി ഹര്‍ജി നല്‍കിയത്. മുളുന്‍ഡില്‍ തന്റെ പിതാവിന്റെ ഫ്‌ലാറ്റ് യുവതി കയ്യടക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി, നിലവിലെ സ്ഥിതി തുടരണമെന്നു വിധിച്ചു.
എന്നാല്‍ 2014 സെപ്റ്റംബറിലെ വിധി 2017 മെയ് മാസത്തില്‍ കുടുംബ കോടതി റദ്ദാക്കി. യുവാവിന്റെ പിതാവിന്റെ പേരിലാണു ഫ്‌ലാറ്റ് എന്നും യുവാവ് ഇവിടെനിന്നു മാറി നവി മുംബൈയിലാണ് താമസമെന്നും പറഞ്ഞാണ് മുന്‍ ഉത്തരവ് റദ്ദാക്കിയത്. യുവതിക്ക് ഈ ഫ്ലാറ്റില്‍ താമസിക്കാന്‍ അര്‍ഹതയില്ലെന്നും കുടുംബ കോടതി വിധിച്ചു. ഇതേത്തുടര്‍ന്നു യുവതി ഹൈക്കോടതിയെ സമീപിച്ചു.
Your comment?