5:37 pm - Sunday January 22, 2575

ശരണംവിളി മുഴങ്ങി: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു

Editor

പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആയിരങ്ങളുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമായി.

പുലര്‍ച്ചെ അഞ്ചു മണിയോടെ പന്തളം കൊട്ടാരം ഭാരവാഹികളില്‍ നിന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ ദര്‍ശനത്തിന് വച്ചു. ഉച്ചക്ക് 12 ഓടെ ക്ഷേത്രത്തില്‍ നിന്നും പൂജിച്ച് വാങ്ങിയ ഉടവാള്‍ പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന്‍ രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജവര്‍മയ്ക്ക് കൈമാറിയതോടെ ഘോഷയാത്രയുടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് വ്രതനിഷ്ഠയോടെ എത്തിയ തിരുവാഭരണ വാഹക സംഘം തിരുവാഭരണ പേടകങ്ങള്‍ ശിരസിലേറ്റി. ഈ സമയം ഭഗവത് സാന്നിധ്യമറിയിച്ച് കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറന്നു.

പല്ലക്കിലേറിയ രാജപ്രതിനിധിക്ക് പിന്നിലായി തിരുവാഭരണ പേടകങ്ങളും ശിരസിലേന്തി പേടക വാഹക സംഘവും നീങ്ങിയപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം വ്രതനിഷ്ഠയോടെ പന്തളത്തെത്തി കാത്തു നിന്ന നൂറ് കണക്കിന് അയ്യപ്പഭക്തരുടെയും സായുധ പോലീസ് സേനയുടേയും ദേവസ്വം – റവന്യു ഉദ്യോഗസ്ഥരുടേയും വിവിധ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെയും അകമ്പടിയോടെ മഹാഘോഷയാത്രയായാണ് മുന്നോട്ട് നീങ്ങിയത്. കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ആദ്യ സ്വീകരണം ഏറ്റുവാങ്ങി കുളനട ഭഗവതി ക്ഷേത്രത്തിലെത്തി കാത്തു നിന്ന നൂറ് കണക്കിന് ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശന സായൂജ്യമേകി യാത്ര തുടരുന്ന ഘോഷയാത്ര കോഴഞ്ചേരി പിന്നിട്ട് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി രാത്രി വിശ്രമിക്കും.

നാളെ പുലര്‍ച്ചെ യാത്ര തുടര്‍ന്ന് രാത്രിയോടെ പെരുന്നാട് വഴി രാത്രിയോടെ ളാഹയിലെ വനം വകുപ്പിന്റെ സത്രത്തില്‍ എത്തി വിശ്രമിക്കും. തുടര്‍ന്ന് 14 പുലര്‍ച്ചെ യാത്ര തിരിച്ച് ഉച്ചയോടെ പമ്പ ഗണപതി കോവിലിലെത്തും. തുടര്‍ന്ന് രാജ പ്രതിനിധി ഇവിടെ വിശ്രമിക്കും. തിരുവാഭരണ പേടകസംഘവും ഭക്തരും യാത്ര തുടര്‍ന്ന് വൈകുന്നേരത്തോടെ സന്നിധാനത്തെത്തും. സന്നിധാനത്ത് വച്ച് തിരുവാഭരണങ്ങള്‍ മേല്‍ശാന്തി ഏറ്റുവാങ്ങി പുണ്യാഹം തളിച്ച് ശ്രീകോവിലിലേക്കെടുക്കും. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം ആകാശത്ത് മകര നക്ഷത്രം ഉദിക്കും. പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി ദര്‍ശിച്ച് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ തൊഴുത് ഭക്തലക്ഷങ്ങള്‍ മലയിറങ്ങും.

 

 

 

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015