മൂന്നാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു; ഷിഗെല്ലയെന്ന് സംശയം
കടമ്പനാട്: ഛര്‍ദ്ദിയും വയറിളക്കത്തേയും തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരിയുടെ മരണം ഷിഗെല്ല ബാധയെന്ന് സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസില്‍ മനോജിന്റേയും ചിത്രയുടേയും മകള്‍ അവന്തിക(8) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയിലാണ് കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് മറ്റ് ലാബ് പരിശോധന ഫലങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഏപ്രില്‍ 30-ന് രാവിലെയാണ് ഛര്‍ദ്ദിയും വയറിളക്കവുമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുന്നത്.തുടര്‍ന്ന് രോഗം വഷളായതോടെ വൈകീട്ട് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെയെത്തി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ കുട്ടി മരിച്ചു.
ഷിഗെല്ല ബാധയെന്ന സംശയത്തെ തുടര്‍ന്ന് കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ കുട്ടിയുടെ വീട്ടിലേയും സമീപത്തെ വീടുകളിലേയും കിണറുകളിലെ വെള്ളം ശേഖരിച്ചു. ഇവിടെ നിന്നും അറുപതു സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ്
പറയുന്നു.
കൂടാതെ മരിച്ച കുട്ടിയുടെ വീടിനു സമീപത്തെ വീടുകളിലുള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ചര്‍ദ്ദിയും വയറിളക്കവും പോലുള്ള രോഗലക്ഷണമുണ്ടായതായി വിവരം ലഭിച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ആരോഗ്യഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.കൂടാതെ ആശ വര്‍ക്കര്‍മാരെ രംഗത്തിറക്കി കുട്ടിയുടെ വീട്ടിലും മറ്റും ശുചീകരണ പ്രവര്‍ത്തനവും നടത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അങ്ങാടിക്കല്‍ അറന്തക്കുളങ്ങര ഗവ.എല്‍.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അവന്തിക.സഹോദരന്‍: അവിനേഷ്
Your comment?