കള്ളപ്പണം വെളുപ്പിക്കല്‍: പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന് 5.49 കോടി രൂപ പിഴ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന് വീണ്ടും തിരിച്ചടിയായി 5.49 കോടി രൂപ പിഴ. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ (എഫ്‌ഐയു-ഐഎന്‍ഡി) ആണ് പിഴ ചുമത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ടം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഫ്‌ഐയു-ഐഎന്‍ഡി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ ലംഘിച്ച് പേയ്ടിഎം പേയ്മെന്റ് ബാങ്ക് വഴി ചില സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി ഫണ്ടുകള്‍ കൈമാറ്റം ചെയ്തതായി എഫ്‌ഐയു-ഐഎന്‍ഡി അറിയിച്ചു. അതേസമയം, രണ്ടു വര്‍ഷം മുന്‍പു തന്നെ നിര്‍ത്തലാക്കിയ ബിസിനസ് സെഗ്മെന്റിലെ പ്രശ്‌നങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പിഴ ചുമത്തിയതെന്ന് പേയ്ടിഎം അറിയിച്ചു.
വിവിധ ചട്ടലംഘനങ്ങളുടെ പേരിലാണ് പേയ്ടിഎമ്മിനെതിരെ ആര്‍ബിഐ നടപടിയെടുത്തത്. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വോലറ്റ്, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബിഐ വിലക്കിയത്. ഇതിന്റെ സമയപരിധി പിന്നീട് മാര്‍ച്ച് 15 വരെ നീട്ടി.
Your comment?