ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായകമായത് കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം
തിരുവനന്തപുരം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായകമായത് കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചു.ചാത്തനൂര്‍ സ്വദേശി കെ.ആര്‍ പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്.കൊല്ലത്തെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇപ്പോള്‍ അടൂരിലെ എആര്‍ ക്യാംപിലാണുള്ളത്. വെള്ള, നീല കാറുകളും കസ്റ്റഡിയിലെടുത്തു.
വര്‍ക്കല അയിരൂരില്‍ നിന്നാണ് ഒരു കാര്‍ കണ്ടെടുത്തത്. മറ്റൊരു കാര്‍ തെങ്കാശിയില്‍നിന്നും. പൊലീസ് പുറത്തിറക്കിയ പ്രതികളുടെ രേഖാ ചിത്രവും അന്വേഷണത്തില്‍ നിര്‍ണായകമായതായാണ് സൂചന. രേഖാ ചിത്രം ശ്രദ്ധയില്‍പ്പെട്ട അയിരൂര്‍ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പൊലീസിനു വിവരം നല്‍കി. ഇയാളുടെ ഫെയ്സ്ബുക്കിലെ ചിത്രങ്ങളില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഇതും ഇവരെ വലയിലാക്കാന്‍ സഹായകരമായി. സംഘം സന്ദര്‍ശിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയും നിര്‍ണായമായതായാണ് അറിയുന്നത്.
നീല കാറിലാണ് തന്നെ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്നതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. 27ന് വൈകിട്ടാണ് ട്യൂഷന്‍ സെന്ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറില്‍ തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറില്‍ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ലിങ്ക് റോഡില്‍നിന്ന് ഓട്ടോയില്‍ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു. സ്ത്രീയാണ് കുട്ടിയെ ഓട്ടോയിലെത്തിച്ചതെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും തെളിവായി കിട്ടി.
നീല കാറിന്റെ ഉടമയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാന്‍ സഹായിച്ചത്. രേഖാ ചിത്രം പുറത്തുവന്നതോടെ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികള്‍. നിരീക്ഷണത്തിലായിരുന്ന പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് തെങ്കാശിയിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.
മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ അറസ്റ്റിലാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു സംഘം. അറസ്റ്റുചെയ്യുന്നതായി കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡ് അറിയിച്ചപ്പോള്‍ ചെറുത്തുനില്‍പ്പില്ലാതെ പ്രതികള്‍ കീഴടങ്ങി. സാമ്പത്തിക ഇടപാടാണ് പിന്നിലെന്ന് പൊലീസ് പറയുമ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പുറത്തുവരാനുണ്ട്.
Your comment?