ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
അടൂര്‍:കൊല്ലം ഓയൂരില്‍നിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 10 മണിക്കൂറാണു കെ.ആര്‍.പത്മകുമാറിനെയും കുടുംബത്തെയും അടൂര്‍ കെഎപി ക്യാംപില്‍വച്ചു ചോദ്യംചെയ്തത്. പുലര്‍ച്ചെ മൂന്നുമണിവരെ ചോദ്യംചെയ്യല്‍ നീണ്ടു. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ മടങ്ങി. രാവിലെ തിരികെ എത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാംപില്‍ തന്നെ തുടരുകയാണ്. ചോദ്യംചെയ്യല്‍ പുനരാരംഭിക്കും.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചതു ഭീഷണിക്കത്താണെന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണു വിവരം. പണം തന്നാല്‍ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. പത്മകുമാര്‍ മൊഴികള്‍ അടിക്കടി മാറ്റുന്നതായാണു വിവരം. ആറുവയസ്സുകാരിയുടെ അച്ഛനു പണം നല്‍കിയിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ കടം വീട്ടാന്‍ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.
പത്മകുമാറിന് വലിയ കടബാധ്യതയുള്ളതായാണു വിവരം. ലോണ്‍ ആപ്പുകളില്‍നിന്നും വായ്പ എടുക്കുകയും ക്രെഡിറ്റ് കാര്‍ഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു. കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തില്‍ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ പൊലീസിന് വ്യക്തത കിട്ടേണ്ടതുണ്ട്.
Your comment?