കഠിനാധ്വാനം കൊണ്ട് പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയ പെണ്‍കുട്ടി

പുനലൂര്‍ :ഒരു സാധാരണ നാട്ടിന്‍പുറത്തുനിന്ന് ലോകത്തെ മുന്‍നിര കമ്പനിയിലേയ്ക്ക് ഒരു പെണ്‍കുട്ടി നടന്നു കയറിയ വാര്‍ത്തയാണിത്. കഠിനാധ്വാനം കൊണ്ട് പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയ ഏവരെയും പ്രചോദിപ്പിക്കുന്ന ഒരു അനുഭവം കൂടിയാണിത്. കേരളത്തിലെ ശ്രീനാരായണ എന്‍ജിനീയറിങ് കോളേജില്‍ പഠിച്ച വര്‍ഷ എന്ന വിദ്യാര്‍ഥിനി ഇന്ന് ജോലി ചെയ്യുന്നത് ലോകത്തെ ഏറ്റവും വലിയ ക്ലാസിഫിക്കേഷന്‍ സൊസൈറ്റികളില്‍ ഒന്നായ ബ്യൂറോ വെരിറ്റാസിലാണ്. ആ കഥയുമായാണ് വര്‍ഷ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. രാജ്യാന്തര മേഖലകളിലെ ഉന്നത ഉദ്യോഗത്തിന് കേരളത്തിലെ ഒരു സാധാരണ കോളേജില്‍ പഠിച്ചാലും മതി എന്ന് യുവാക്കളോട് പറയുകയാണ് ആ പെണ്‍കുട്ടി. വിദേശത്ത് പഠിച്ചാല്‍ മാത്രമേ നല്ല ജോലി കിട്ടൂ എന്ന തോന്നലില്‍, പ്ലസ് ടു കഴിയുമ്പോഴേ വീട് പണയം വെച്ചും വിദേശത്തേക്ക് ചേക്കേറുന്ന യുവതലമുറയുള്ള കേരളത്തില്‍ ഈ വാര്‍ത്ത പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു.
വിദേശത്ത് പാരാമെഡിക്കല്‍ മേഖലയിലെ സാധാരണ ജോലിക്കാര്‍ മാത്രമായിരുന്നു വര്‍ഷയുടെ അച്ഛനും അമ്മയും. നാട്ടില്‍ മുത്തശ്ശിയ്‌ക്കൊപ്പമായിരുന്നു അവള്‍. മിച്ചം പിടിക്കാനും സമ്പാദിക്കാനും മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ട് തന്നെ വിദേശ സ്വപ്നങ്ങള്‍ ആ പെണ്‍കുട്ടിക്ക് ഇല്ലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് കൊച്ചിയിലെ ശ്രീനാരായണ കോളേജില്‍ അവള്‍ എന്‍ജിനീയറിംഗിന് ചേരുകയും ചെയ്തു.
വര്‍ഷയുടെ മാതാപിതാക്കള്‍ക്ക് ദുബായിലെ ഏരീസ് ഗ്രൂപ്പില്‍ ജോലി ലഭിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്.ജീവനക്കാരുടേയും കുട്ടികളുടെയും കാര്യക്ഷമത വിലയിരുത്തുന്ന സംവിധാനങ്ങളിലൂടെ വര്‍ഷയുടെ കഴിവ് തിരിച്ചറിഞ്ഞ സ്ഥാപനം, അവളുടെ എന്‍ജിനീയറിങ് പഠനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു. സ്ഥാപനത്തിന്റെ സ്ഥാപക ചെയര്‍മാനും സിഇ ഒ യുമായ സര്‍ സോഹന്‍ റോയ് രൂപം നല്‍കിയ, ഒരു മാനേജ്‌മെന്റ് ടൂള്‍ ആയ ‘ എഫിസം ‘ ആണ് സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും മികച്ചതാക്കാനും അവളെ സഹായിച്ചത്. വ്യക്തികള്‍ക്ക് അവരുടെ കാര്യക്ഷമത വിലയിരുത്താനും മികച്ചതാക്കുവാനും സഹായിക്കുന്ന ഈ സംവിധാനത്തിലൂടെ, ഒരു മികച്ച വിദ്യാര്‍ത്ഥി ആവുക എന്ന ‘ടാസ്‌ക് ‘ വിജയകരമായി പൂര്‍ത്തിയാക്കാനും ഈ അവള്‍ക്ക് കഴിഞ്ഞു.
എഞ്ചിനീയറിങ് പഠനത്തിനുശേഷം, രാജ്യാന്തര കോണ്‍ഫറന്‍സ് ആയ ‘ ഷിപ്പ് ടെക്ക് ‘ ആണ് വര്‍ഷയുടെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചത്. ആ കോണ്‍ഫറന്‍സിലെ ‘ ഇന്റര്‍നാഷണല്‍ മാരിടൈം സ്റ്റുഡന്റ് ‘ എന്ന എന്ന മത്സരത്തിലേക്ക് അപേക്ഷിക്കുമ്പോള്‍ അവള്‍ക്ക് യാതൊരു പ്രതീക്ഷകളും ഇല്ലായിരുന്നു. പൂര്‍ണ്ണമായും പുരുഷന്മാര്‍ കയ്യടക്കി വെച്ചിരിക്കുന്ന ഒന്നായിരുന്നു മാരി ടൈം മേഖല. എന്നാല്‍ ലോകത്തിലെ മുന്‍നിര മാരി ടൈം സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ആ കോണ്‍ഫറന്‍സില്‍
‘ ലോകത്തെ മികച്ച മാരിടൈം വിദ്യാര്‍ത്ഥി ‘ യ്ക്കായുള്ള മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ആ പെണ്‍കുട്ടിക്ക് കഴിഞ്ഞു. തുടര്‍ന്നാണ് ‘ബ്യൂറോ വെരിറ്റാസ് ‘ എന്നാല്‍ ലോകപ്രശസ്ത സ്ഥാപനം അവളെ തങ്ങളുടെ ജീവനക്കാരിയാക്കിയത്.
‘ഏരീസ് ഗ്രൂപ്പിന്റെ സിഇഒ സര്‍ സോഹന്‍ റോയ് എന്റെ കരിയര്‍ മെന്റര്‍ എന്ന നിലയിലും, എഫിസം എന്റെ പ്രൊഫഷണല്‍ ഗൈഡ് എന്ന നിലയിലും , ഒപ്പം എന്റെ മാതാപിതാക്കളുടെ സ്‌നേഹം വെല്ലുവിളികള്‍ എന്നിവയുമൊക്കെ എന്നോടൊപ്പം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ നിലയിലെത്തില്ലായിരുന്നു. ഞാന്‍ ഈ അവാര്‍ഡ് അവര്‍ക്കെല്ലാം സമര്‍പ്പിക്കുന്നു’, ദുബായില്‍ നടന്ന മാരിടൈം മേഖലയിലെ വിശ്വവിഖ്യാതരായ നൂറുകണക്കിന് ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ഷിപ്പ്ടെക് ഇന്റര്‍നാഷണല്‍ അവാര്‍ഡ് ചടങ്ങിനിടെ വര്‍ഷ പറഞ്ഞു .
പഠിക്കുന്നത് എവിടെ എന്നതല്ല, മറിച്ച് ഒരു വ്യക്തിക്ക് സ്വയം മനസ്സിലാക്കാനും പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നുണ്ടോ എന്നതാണ് ജീവിതത്തില്‍ വിജയിക്കാന്‍ ആവശ്യമെന്ന് ഇന്നത്തെ യുവതലമുറയോട് പറയുവാന്‍ ഈ പെണ്‍കുട്ടി ആഗ്രഹിക്കുന്നു.
Your comment?