‘ജ്യോതിയുടെ ചിരി ഇനി കുപ്പിവള കിലുക്കം പോലെ മധുരതരം’
പത്തനംതിട്ട:പത്തനംതിട്ട സ്വദേശിയായ ജ്യോതിയുടെ ചിരി ഇനി കുപ്പിവള കിലുക്കം പോലെ മധുരതരം. ഭിന്നശേഷിക്കാരിയായ ജ്യോതിക്ക് ജീവിതത്തില്‍ പുത്തന്‍ പ്രതീക്ഷകളേകിക്കൊണ്ട് ജില്ലാ കളക്ടറായ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ നേരിട്ട് ജ്യോതിയെ കാണാനെത്തി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കിക്കൊണ്ടായിരുന്നു ഈ സന്ദര്‍ശനം.
എന്നാല്‍ തനിക്കരികിലെത്തി ചേര്‍ത്തുപിടിച്ച കളക്ടറുടെ കയ്യിലെ കുപ്പിവളകളിലാണ് ജ്യോതിയുടെ കണ്ണുടക്കിയത്. കുപ്പിവളക്കിലുക്കം കേട്ട് സന്തോഷിച്ച ജ്യോതിക്ക് തെല്ലും മടിക്കാതെ തന്റെ വളകള്‍ കളക്ടര്‍ ഊരി നല്‍കി. ഒരു നിറമുള്ള മാല കൂടി വേണമെന്ന് ജ്യോതി കളക്ടറോട് പറഞ്ഞെങ്കിലും മുത്തുമാല കയ്യില്‍ കരുതാത്തതുമൂലം ആ ആഗ്രഹം മാത്രം നടന്നില്ല. എന്നാല്‍ നല്ല പുതുപുത്തന്‍ വസ്ത്രങ്ങള്‍ കൈയ്യില്‍ വച്ചു കൊടുത്തതോടെ മുത്തുമാല കിട്ടാത്ത വിഷമം മറന്ന് ജ്യോതി കളക്ടറെ കെട്ടിപ്പിടിച്ചു. കൊച്ചു കുഞ്ഞിനെ പോലെ തനിക്കരികില്‍ ചേര്‍ന്നിരുന്ന ജ്യോതിയുടെ നെറുകയില്‍ ചുംബിച്ചു കൊണ്ടാണ് ദിവ്യ എസ്. അയ്യര്‍ സ്‌നേഹമറിയിച്ചത്.
ബാബു വര്‍ഗീസ് എന്ന വ്യക്തിയിലൂടെയാണ് കളക്ടര്‍ ജ്യോതിയുടെയും സഹോദരി ഗിരിജയുടെയും ജീവിത ദുരിതത്തെക്കുറിച്ച് അറിഞ്ഞത്. ജന്മനാ ഭിന്നശേഷിയുള്ള ജ്യോതിയുടെ താങ്ങും തണലും ഗിരിജയാണ്. ഭര്‍ത്താവും സഹോദരനും ഉപേക്ഷിച്ചു പോയിട്ടും കൂലിപ്പണി എടുത്തും തൊഴിലുറപ്പ് ചെയ്തുമെല്ലാം ഗിരിജ അനുജത്തിയെ തന്നാലാവും വിധം പൊന്നുപോലെ നോക്കുന്നുണ്ട്. ഗിരിജ പണിക്കു പോകുന്ന സമയത്ത് സ്വന്തമായി ദിനചര്യ ചെയ്യാന്‍ പോലും സാധിക്കാത്ത ജ്യോതിയെ മുറിയില്‍ തനിച്ചാക്കി കൂട്ടിന് രണ്ട് വളര്‍ത്തു നായകളെയും കാവല്‍ നിര്‍ത്തും.
ഇവരുടെ കഥ കേട്ട കളക്ടര്‍ ഉടന്‍തന്നെ വേണ്ട സഹായങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ കൈകൊണ്ടു. ജ്യോതിക്ക് ആവശ്യമായ അവകാശ രേഖകളെല്ലാം കയ്യില്‍ കരുതി കൊണ്ടായിരുന്നു ദിവ്യ എസ്. അയ്യര്‍ ഇവരുടെ വീട്ടിലെത്തിയത്. പുതിയ റേഷന്‍ കാര്‍ഡും തല്‍സമയം എന്‍ട്രോള്‍ ചെയ്ത് ആധാര്‍ കാര്‍ഡും കൈമാറി. കളക്ടറുടെ അധ്യക്ഷതയില്‍ നാഷണല്‍ ട്രസ്റ്റ് ആക്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തല സമിതി ഗൃഹസന്ദര്‍ശനവും ഭിന്നശേഷി വിലയിരുത്തലും നടത്തിക്കഴിഞ്ഞതോടെ ഇനി നിയമപരമായി ജ്യോതിക്ക് രക്ഷാകര്‍തൃത്വവും ലഭിക്കും.
പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജ്യോതിക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കിയ വിവരം ചിത്രങ്ങള്‍ക്കൊപ്പം ദിവ്യ എസ് അയ്യര്‍ പങ്കുവച്ചിട്ടുണ്ട്.
Your comment?