‘ലണ്ടനിലെ വീട്ടില്‍ നിന്നും പത്തനംതിട്ടയിലുള്ള സ്വന്തം വീട്ടിലേക്ക്’ രാജേഷ് കൃഷ്ണ
ബെംഗളൂരു: ലണ്ടനിലെ വീട്ടില്‍ നിന്നും പത്തനംതിട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് കാറില്‍ യാത്ര തിരിച്ച യുകെ മലയാളി ഇന്ന് കൊച്ചിയില്‍ എത്തും. യുകെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണയാണ് ലണ്ടനില്‍ നിന്നും കാറില്‍ കൊച്ചിയില്‍ എത്തുന്നത്. ജൂലൈ 26 ന് ലണ്ടനിലെ ഹൈവിക്കമില്‍ നിന്നാണ് യാത്ര തിരിച്ച രാജേഷ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കൊച്ചി കലൂര്‍ സ്റ്റേഡിയം റൗണ്ടില്‍ എത്തും.
ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പലരും യാത്രകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ആ യാത്രകളുടെ കൂട്ടത്തില്‍ വ്യത്യസ്തമാമാര്‍ന്ന കൈയ്യൊപ്പുകൂടി പതിക്കാന്‍ ആഗ്രഹിച്ചാണ് രാജേഷ് കൃഷ്ണ ഒറ്റയ്ക്ക് യാത്ര ആരംഭിച്ചത്. 20,000 ല്‍പ്പരം കിലോമീറ്റര്‍ വരുന്ന യാത്രയ്ക്ക് സാഹസികത എന്നതിലുപരി കാന്‍സര്‍ രോഗികളായ കുട്ടികളോടുള്ള കരുണയുമുണ്ട്.
ലണ്ടനിലെ വീട്ടില്‍ നിന്നും ആരംഭിച്ച യാത്ര 55 ദിവസങ്ങള്‍ കൊണ്ട് വിവിധ രാജ്യങ്ങളിലെ 75 നഗരങ്ങള്‍ ചുറ്റി പത്തനംതിട്ടയിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. എങ്കിലും പ്രതീക്ഷിച്ച ദിവസത്തിന് മുന്നേ എത്താന്‍ കഴിയുന്ന സന്തോഷത്തിലാണ് രാജേഷ് കൃഷ്ണ. സെപ്റ്റംബര്‍ ആറിന് ബുധനാഴ്ച ഇന്ത്യ, നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ ബീഹാറിലെ റക്‌സോളില്‍ എത്തിയ രാജേഷ് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ കര്‍ണാടകയിലെ ബെംഗളൂരുവിലെത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് യാത്രതിരിച്ചിട്ടുള്ളത്. ഏകദേശം ഉച്ചക്ക് രണ്ട് മണിക്ക് പാലക്കാട് എത്തുംവിധമാണ് യാത്രയുടെ ക്രമീകരണമെന്ന് രാജേഷ് കൃഷ്ണ പറഞ്ഞു.
യുകെയിലെ റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (ആര്‍എന്‍സിസി) എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. 2014 ല്‍ എട്ടാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച യുകെ മലയാളി റയാന്‍ നൈനാന്റെ സ്മരണാര്‍ഥം ആരംഭിച്ചതാണ് ആര്‍എന്‍സിസി. കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ബാധിച്ച കുട്ടികളെ സഹായിക്കുകയെന്നതാണ് ജീവകാരുണ്യ സംഘടനയുടെ പ്രധാന ലക്ഷ്യം.
യുകെയിലെ ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നഴ്സിങ് ടീം, തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സഹായിക്കുന്നതും ആര്‍എന്‍സിസിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. രാജേഷ് കൃഷ്ണയുടെ സുഹൃത്തുക്കളും യുകെ മലയാളികളുമായ ജോണ്‍ നൈനാനും ഭാര്യ ആശ മാത്യുവും ചേര്‍ന്നാണ് ആര്‍എന്‍സിസിക്ക് തുടക്കം കുറിച്ചത്.
കോഴിക്കോട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വേണ്ടിയും സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് യാത്രക്കിടയില്‍ സംഭാവനകള്‍ സ്വീകരിച്ചിരുന്നു. ലണ്ടനില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കാറോടിച്ചുള്ള യാത്രയ്ക്ക് വലിയ ആഘോഷ ആരവങ്ങള്‍ ഒഴിവാക്കിയാണ് രാജേഷ് കൃഷ്ണ തുടക്കം കുറിച്ചത്. വോള്‍വോ എക്സി 60യിലാണ് യാത്ര. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കാറില്‍ യാത്ര ചെയ്ത രാജേഷ് തുര്‍ക്കി, ഇറാന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, ടിബറ്റ്, നേപ്പാള്‍ വഴിയാണ് ഇന്ത്യയില്‍ എത്തിയത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, പുഴു എന്നിവ ഉള്‍പ്പടെയുള്ള സിനിമകളുടെ നിര്‍മാണ പങ്കാളിയായ രാജേഷ് കൃഷ്ണ മുന്‍ മാധ്യമ പ്രവര്‍ത്തകനാണ്.
പത്തനംതിട്ട വാര്യാപുരം തോട്ടത്തില്‍ കൃഷ്ണപിള്ളയുടെയും രമാഭായിയുടെയും മകനായ രാജേഷ് കൃഷ്ണയും ഭാര്യ അരുണ നായരും ദീര്‍ഘ കാലമായി കുടുംബസമേതം യുകെയില്‍ താമസിക്കുകയാണ്. യാത്രയ്ക്കിടെ ലണ്ടനില്‍ ജോലി ചെയ്യുന്ന ഭാര്യ അരുണ നായര്‍ രണ്ട് തവണ രാജേഷിനെ തുര്‍ക്കി, നേപ്പാള്‍ എന്നിവിടങ്ങളില്‍ വന്നു സന്ദര്‍ശിച്ചിരുന്നു.
Your comment?