പത്തനാപുരം-ഏനാത്ത് റോഡില്‍ നടക്കുന്നത് സാധാരണ ടാറിങ് : ജര്‍മന്‍ സാങ്കേതിക വിദ്യ എവിടെ?
പത്തനാപുരം: പാതിവഴിയില്‍ മുടങ്ങിക്കിടന്നിരുന്ന പത്തനാപുരം-ഏനാത്ത് റോഡിന്റെ നിര്‍മാണം ഒരു ഇടവേളയ്ക്ക് ശേഷം ആരംഭിച്ചെങ്കിലും ജര്‍മന്‍ സാങ്കേതിക വിദ്യ എവിടെപ്പോയെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ജര്‍മന്‍ സാങ്കേതിക വിദ്യ പ്രകാരം റോഡ് നിര്‍മാണം ആരംഭിച്ചെങ്കിലും ഇപ്പോള്‍ സാധാരണ ടാറിങ്ങാണു നടത്തുന്നത്! അശാസ്ത്രീയമായ ഈ നിര്‍മാണത്തിനെതിരെ പ്രദേശവാസികള്‍ കനത്ത പ്രതിഷേധത്തിലാണ്. ഇത്തരത്തില്‍ റോഡ് ടാറിങ് നടത്തിയാല്‍ റോഡ് വീണ്ടും തകരുമെന്നാണ് പരാതി. പത്തനാപുരം പള്ളിമുക്ക് കവലയില്‍ ക്ഷേത്രം മുതല്‍ ഏനാത്ത് വരെ 14 കിലോമീറ്ററാണ് റോഡിന്റെ ദൂരം.
മൂവാറ്റുപുഴ-പുനലൂര്‍ റോഡിനെയും എംസി റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. എഫ്ഡിആര്‍ (ഫുള്‍ ഡെപ്ത് റെക്‌ളമേഷന്‍) എന്ന ജര്‍മന്‍ സാങ്കേതിക വിദ്യ പ്രകാരമാണ് നേരെത്തെയുള്ള റോഡ് പൊളിച്ചു കളഞ്ഞത്. റോഡ് പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും മറ്റു രാസ പദാര്‍ഥങ്ങളും ഉപയോഗിച്ചു തയാറാക്കുന്ന പ്രത്യേക മിശ്രിതം അടുക്കുകളായി ചേര്‍ത്ത ശേഷം ടാറിങ് ചെയ്തുകൊണ്ടാണ് റോഡ് നിര്‍മാണം ലക്ഷ്യമിട്ടിരുന്നത്. റോഡ് പൊളിച്ചു ഈ മിശ്രിതം ഇട്ട ശേഷം 7 ദിവസം കൊണ്ടാണ് ഇവ കട്ടിയാവുകയും റോഡ് ടാറിങ് നടത്തേണ്ടതും. എന്നാല്‍ റോഡ് പൊളിച്ചിട്ട് മിശ്രിതം ഇട്ടു 7 മാസത്തിന് ശേഷമാണ് ഇപ്പോള്‍ ടാറിങ് ആരംഭിക്കുന്നത്.
എന്നാല്‍ മിശ്രിതത്തിന്റെ കട്ടി നഷ്ടപ്പെട്ടിട്ടില്ലാത്ത ഇടങ്ങളിലാണ് നിര്‍മാണം ആരംഭിച്ചതെന്നും റോഡിന്റെ എല്ലാ ഭാഗവും പരിശോധിച്ചു കട്ടി നഷ്ടപ്പെട്ട ഇടങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിച്ച ശേഷമേ ടാറിങ് നടത്തൂ എന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ 7 ദിവസത്തിന് ശേഷം നടത്തേണ്ട പണി 7 മാസത്തിന് ശേഷം നടത്തുമ്പോള്‍ എങ്ങനെ ശാസ്ത്രീയമാവും എന്ന ചോദ്യമാണ് നാട്ടുകാരുടേത്. റോഡ് പൊളിച്ച ശേഷം മഴയും വാഹനങ്ങളുടെ സഞ്ചാരവും കാരണം റോഡിലെ എല്ലാ ഭാഗത്തെയും മിശ്രിതം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. അങ്ങനെയെങ്കില്‍ വീണ്ടും മിശ്രിതമിട്ടു റോഡ് ഉറപ്പിച്ചു ടാറിങ് നടത്തിയാലേ ജര്‍മന്‍ ടെക്‌നോളജി റോഡായി വിലയിരുത്താനാവൂ എന്നും നാട്ടുകാര്‍ പറയുന്നു. സാധാരണ രീതിയില്‍ റോഡ് നിര്‍മാണം നടത്താനായിരുന്നെങ്കില്‍ ഇത്രയും കാലം പൊടിയും തിന്നു ഈ ബുദ്ധിമുട്ട് മുഴുവന്‍ സഹിച്ചത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു.
Your comment?