പത്തനംതിട്ട കുളനട സ്വദേശി അയര്‍ലന്‍ഡില്‍ അന്തരിച്ചു
ഗാള്‍വേ: മലയാളി നഴ്‌സും പത്തനംതിട്ട കുളനട സ്വദേശിയുമായ യുവാവ് അയര്‍ലന്‍ഡില്‍ അന്തരിച്ചു. കുളനട മാന്തുക പുതുപ്പറമ്പില്‍ വലിയവിളയില്‍ റോജി വില്ലയില്‍ പരേതനായ ജോണ്‍ ഇടിക്കുളയുടെ മകന്‍ റോജി പി. ഇടിക്കുള (37) ആണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് മരണം. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടര്‍ന്നു ഗാള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയായിരുന്നു.
തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായി ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. മരണത്തെ തുടര്‍ന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങള്‍ ദാനം ചെയ്തു. നാട്ടിലും ഖത്തറിലും വിവിധ ആശുപത്രികളില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റോജി ഏകദേശം രണ്ട് വര്‍ഷം മുന്‍പാണ് അയര്‍ലന്‍ഡില്‍ എത്തിയത്. ഒന്നര വര്‍ഷം മുന്‍പ് ഗാള്‍വേയിലെ ട്യൂമില്‍ കുടുംബമായി താമസം തുടങ്ങിയ റോജി ആദ്യം കോര്‍ക്കിലാണ് താമസിച്ചിരുന്നത്.
കേരളത്തിലും ഖത്തറിലും വിവിധ നഴ്‌സിങ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന റോജി കേരളത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അയര്‍ലന്‍ഡില്‍ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗാള്‍വേ സെന്റ് ഏലിയ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ് റോജി.
Your comment?