നിര്‍ത്തിയിട്ട ലോറിയില്‍ വാന്‍ ഇടിച്ചുകയറി ഒരുവയസ്സുകാരിയടക്കം കുടുംബത്തിലെ 6 പേര്‍ മരിച്ചു
സേലം: തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് വാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു. സേലം ജില്ലയിലെ ശങ്കരി ബൈപ്പാസില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
അതിവേഗത്തില്‍ പാഞ്ഞുവന്ന മിനിവാന്‍ നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്.
പളനിസ്വാമിയുടെ മകള്‍ ആര്‍. പ്രിയ (21), അറുമുഖന്റെ മകന്‍ വിക്കി എന്ന് പേരുള്ള വിഗ്‌നേഷ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിഗ്‌നേഷായിരുന്നു വാഹനം ഓടിച്ചത്.
Tragic road accident on Tamil Nadu highway kills 6 people. CCTV video emerges. #TamilNadu pic.twitter.com/grWJeeofoY
— Vani Mehrotra (@vani_mehrotra) September 6, 2023
സേലം സ്വദേശി രാജാദുരൈയുമായി രണ്ടുവര്‍ഷം മുമ്പാണ് പ്രിയയുടെ വിവാഹം നടന്നത്. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ടുപേരും പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പ്രിയയെയും മകളെയും വീട്ടിലേക്ക് തിരികെകൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭര്‍തൃവീട്ടിലേക്ക് പോയതായിരുന്നു പ്രിയയുടെ പിതാവ് പളനിസ്വാമിയും മാതാവ് പാപ്പാത്തിയും. രാജാദുരൈയുടെ കുടുംബവുമായി സംസാരിച്ചശേഷം രാത്രി വൈകിയാണ് ഇവര്‍ പെരുന്തുറൈയിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചയോടെ വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
Your comment?