5:32 pm - Friday November 23, 1162

അടൂര്‍ ഭീമ ജൂവലറിയില്‍ നടക്കുന്നതെന്ത്.? മാനേജ്‌മെന്റിന്റെ പീഢനം മൂലം ഒരു മാസം മുന്‍പ് രാജിക്കത്ത് നല്‍കിയ മാനേജരെ സാമ്പത്തിക തട്ടിപ്പുകാരനെന്ന രീതിയില്‍ പത്രപ്പരസ്യം നല്‍കി അപമാനിച്ചു

Editor

അടൂര്‍ ഭീമ ജൂവലറിയില്‍ നടക്കുന്നതെന്ത്? മാനേജ്‌മെന്റിന്റെ പീഢനം മൂലം ഒരു മാസം മുന്‍പ് രാജിക്കത്ത് നല്‍കിയ മാനേജരെ സാമ്പത്തിക തട്ടിപ്പുകാരനെന്ന രീതിയില്‍ പത്രപ്പരസ്യം നല്‍കി അപമാനിച്ചു.

അടൂര്‍: ഭീമ ജൂവലറിയില്‍ നിന്നും രാജി വച്ച മാനേജരെ സാമ്പത്തിക തട്ടിപ്പുകാരനാക്കി ചിത്രീകരിച്ച് നല്‍കിയ പത്രപ്പരസ്യം തിരിച്ചടിച്ചു. സഹപ്രവര്‍ത്തകരും നാട്ടുകാരും തൊഴിലാളി യൂണിയനുകളും ഒന്നടങ്കം ജീവനക്കാരന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു. ജൂവലറിയില്‍ നിന്ന് സ്വര്‍ണമെടുക്കുന്നത് നിര്‍ത്താനുള്ള ആഹ്വാനം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തതോടെ അടൂര്‍ ഭീമ ജൂവലറി മാനേജ്‌മെന്റ് വെട്ടിലായി. ഉടമകള്‍ തമ്മിലുള്ള ചേരിപ്പോരില്‍ ഉടലെടുത്ത അവഹേളനം കോടതി കയറാന്‍ പോവുകയാണ്.

തുടക്കം മുതല്‍ ഭീമ അടൂരിന്റെ മാനേജര്‍ ആയിരുന്ന പറക്കോട് സ്വദേശി സി. ശ്രീരാജിനെതിരേയാണ് ബുധനാഴ്ച പത്രമാധ്യമങ്ങളില്‍ തട്ടിപ്പുകാരനെന്ന് തോന്നുന്ന തരത്തില്‍ പരസ്യം നല്‍കിയത്. ശ്രീരാജിന്റെ ചിത്രം സഹിതമായിരുന്നു പരസ്യം. അടൂര്‍ ഭീമയുടെ മാനേജ്‌മെന്റ് മാറിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി 10 ന് ശ്രീരാജ് രാജി വച്ചു കൊണ്ട് നിയമപ്രകാരം ഒരു മാസം മുന്‍പ് നോട്ടീസ് നല്‍കിയത്. സാധാരണ ഒരു ജീവനക്കാരന്‍ രാജി വച്ചാല്‍ ഒരു മാസത്തിന് ശേഷമാണ് എക്‌സിറ്റ് ഇന്റര്‍വ്യൂ നടത്തി സേവനം അവസാനിപ്പിക്കുന്നത്. രാജിക്കത്ത് കിട്ടിയ ദിവസം തന്നെ ശ്രീരാജിനെ എക്‌സിറ്റ് ഇന്റര്‍വ്യൂ നടത്തി. നിയമപ്രകാരം ശേഷിക്കുന്ന ഒരു മാസത്തേക്ക് അവധിയെടുത്തു കൊള്ളാനും നിര്‍ദ്ദേശിച്ചു. ഇതിന്‍ പ്രകാരം ശ്രീരാജ് അവധിയില്‍ പ്രവേശിച്ചു.

ഇതിനിടെ അടൂര്‍ ഭീമയില്‍ സ്വര്‍ണം എടുക്കാന്‍ എത്തിയ ശ്രീരാജുമായി അടുത്ത ബന്ധമുള്ള കസ്റ്റമേഴ്‌സ് അദ്ദേഹത്തെ വിളിച്ചു. സ്ഥാപനത്തില്‍ നിന്ന് രാജി വച്ചത് എന്തു കൊണ്ടു പറഞ്ഞില്ല എന്നായിരുന്നു അവരുടെ ചോദ്യം. പരിചയക്കാരായ മിക്കവരും ഇപ്രകാരം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ 11 ദിവസത്തിന് ശേഷം ശ്രീരാജ് ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു. അതിങ്ങനെയായിരുന്നു.

കഴിഞ്ഞ 12 വര്‍ഷക്കാലത്തെ അടൂര്‍ ഭീമയിലെ എന്റെ ഔദ്യോഗിക ജീവിതം ഭീമയുടെ മാനേജ്‌മെന്റില്‍ നിന്നുണ്ടായ ചില മാറ്റങ്ങള്‍ കാരണം ഈ മാസം 10-ാം തീയതി മുതല്‍ അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ഇതുവരെ ഭീമയും എന്റെ നാട്ടുകാരും സുഹൃത്തുക്കളും എനിക്ക് തന്ന എല്ലാ വിധ സഹകരണത്തിനും നന്ദി അറിയിച്ചു കൊള്ളുന്നു. തുടര്‍ന്നും എന്നോടുള്ള സ്‌നേഹവും സഹകരണവും തുടരണം എന്ന അഭ്യര്‍ത്ഥനയോടെ സ്വന്തം ശ്രീരാജ്.

ഈ ഫേസ് ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെയാണ് ദിനപത്രങ്ങളില്‍ ശ്രീരാജിന്റെ ചിത്രം സഹിതം ജുവലറി അധികൃതര്‍ പരസ്യം നല്‍കിയത്. ശ്രീരാജിന് 10.02.2023 ന് മുതല്‍ തങ്ങളുടെ സ്ഥാപനവുമായി ബന്ധമില്ലെന്നും അതിന് ശേഷം ടിയാളുമായി മറ്റുള്ളവര്‍ നടത്തുന്ന സാമ്പത്തികമോ അല്ലാതെയോ ഉള്ള യാതൊരു ഇടപാടുകള്‍ക്കും ഭീമ ജൂവലറി ഉത്തരവാദിയായിരിക്കുന്നതല്ലായെന്നുമായിരുന്നു പരസ്യം.

ഭീമ ജൂവലറി അടൂരില്‍ തുടങ്ങി ആറു മാസത്തിന് ശേഷമാണ് താനിവിടെ ജോലിക്ക് വന്നതെന്ന് ശ്രീരാജ് പറഞ്ഞു. മണപ്പുറം റിതി ജൂവലറിയുടെ ചാലക്കുടി ഷോറൂം മാനേജരായിരുന്ന തന്നെ അന്നത്തെ ഭീമ അടൂര്‍ ഉടമകളായ ഗായത്രിയും ഭര്‍ത്താവ് സുഹാസും ചേര്‍ന്നാണ് അടൂരില്‍ കൊണ്ടുവന്നത്. 11 വര്‍ഷവും ആറു മാസവും ജോലി ചെയ്തു. 2021 നവംബറില്‍ ഭീമ ഗോവിന്ദന്‍ ജൂവലറികള്‍ മക്കള്‍ക്ക് വീതം വച്ചു നല്‍കുന്നതു വരെ മികച്ച രീതിയില്‍ അടൂര്‍ ഭീമ പ്രവര്‍ത്തിച്ചു വന്നു. ഏറ്റവും ഇളയ മകളായ ആതിരയ്ക്കാണ് അടൂര്‍, പത്തനംതിട്ട, നാഗര്‍കോവില്‍ ഷോറൂമുകള്‍ കൊടുത്തത്. ഇവര്‍ പുതിയ ഒരു ജുവലറി സംസ്‌കാരം കൊണ്ടുവരാന്‍ ശ്രമിച്ചു. പുതുതായി നിയമിച്ച ഓഫീസ് ജീവനക്കാരുടെ നിര്‍ദ്ദേശമനുസരിച്ചായി പ്രവര്‍ത്തനം.

ഇതോടെ ബിസിനസ് തകരാന്‍ തുടങ്ങി. ഇവര്‍ കൊണ്ടു വന്ന പരിഷ്‌കാരങ്ങള്‍ കച്ചവടം കുറയാന്‍ ഇടയാക്കി. താന്‍ നേരിട്ട് ഇടപാടുകാരെ കണ്ടെത്തിയാണ് ബിസിനസ് നടത്തിയിരുന്നത്. ഗോള്‍ഡ് ലോണ്‍ സ്‌കീമൊക്കെ നല്ല രീതിയില്‍ നടന്നു പോയിരുന്നു. പുതിയ ആള്‍ക്കാര്‍ തലപ്പത്ത് വന്നപ്പോള്‍ താന്‍ നേരിട്ട് ഫീല്‍ഡില്‍ പോയി ഇടപാടുകാരെ കാണുന്നത് വിലക്കി. ഇവരുടെ മാര്‍ക്കറ്റിങ് തന്ത്രം ഫലിച്ചില്ല. വില്‍പ്പന കുത്തനേ ഇടിഞ്ഞു. അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കൊണ്ടു വയ്ക്കാന്‍ നോക്കി. ഇതോടെ മാനേജ്‌മെന്റും പീഡനം തുടങ്ങി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ താനൊരു രാജിക്കത്തുകൊടുത്തിരുന്നുവെന്ന് ശ്രീരാജ് പറഞ്ഞു. പുതിയ മാനേജ്‌മെന്റ് വന്നതിന് ശേഷം അവരുടെ ആള്‍ക്കാരെ ഷോറൂമില്‍ എത്തിച്ചു. മുന്‍ ഉടമകള്‍ക്ക് താന്‍ അതാത് ദിവസത്തെ വരുമാനക്കണക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നുവെന്നും ശ്രീരാജ് പറഞ്ഞു.

അന്ന് മൂത്തമകള്‍ ഗായത്രി ഇടപെട്ട് അത് ആറു മാസത്തേക്ക് മാറ്റി വയ്ക്കാന്‍ പറഞ്ഞു. മറ്റൊരു 11 മാസം കൂടി താന്‍ അവിടെ തുടര്‍ന്നു. രാജി വയ്ക്കുന്നതിന് 18 ദിവസം മുന്‍പ് മുതല്‍ താന്‍ അവധിയിലായിരുന്നു. ഒരു കാരണവശാലും യോജിച്ച് പോകാന്‍ കഴിയാതെ വന്നപ്പോഴാണ് രാജി വച്ചത്. തന്റെ പരിചയക്കാര്‍ അറിയുന്നതിന് വേണ്ടി മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ വിവരം പങ്കുവച്ചത്. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരു രൂപയുടെ സാമ്പത്തിക പ്രശ്‌നം പോലും ഉണ്ടാക്കിയിട്ടില്ല. വസ്തുത ഇതായിരിക്കേയാണ് താന്‍ തട്ടിപ്പുകാരനാണെന്ന തരത്തില്‍ പത്രപ്പരസ്യം നല്‍കിയത്. നമുക്കൊരുമിച്ച് മരിക്കാം അച്ഛാ എന്നാണ് പ്ലസ്ടുവിന് പഠിക്കുന്ന മകള്‍ കരഞ്ഞു കൊണ്ട് പറഞ്ഞത്. ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ കുട്ടികള്‍ക്ക് കാവലിരിക്കുകയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകനോടും കൂട്ടുകാരും അദ്ധ്യാപകരും കാര്യം തിരക്കി. കുട്ടികള്‍ക്ക് മാത്രമല്ല തന്റെ വീട്ടുകാര്‍ക്കും ഭാവിക്കും വളരെ അധികം ദോഷകരമായി ആ പരസ്യം ബാധിച്ചുവെന്നും ശ്രീരാജ് പറയുന്നു.

മറ്റൊരു സ്ഥാപനത്തില്‍ ജോലി ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ അവര്‍ അത് പെന്‍ഡിങ്ങില്‍ വച്ചു. മുന്നോട്ട് ജീവിക്കാന്‍ യാതൊരു വഴിയുമില്ല. സുഹാസും ഗായത്രിയും വിളിച്ച് തന്നോട് മാപ്പ് അപേക്ഷിച്ചു. നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ് എന്നും ശ്രീരാജ് പറഞ്ഞു.

നാട്ടുകാര്‍ ഒറ്റക്കെട്ടായി ഭീമയ്‌ക്കെതിരേ, സോഷ്യല്‍ മീഡിയ പരാമര്‍ശം ശക്തം

പറക്കോട് ആണ് ശ്രീരാജിന്റെ കുടുംബവീട്. ഇപ്പോള്‍ താമസിക്കുന്നത് മണക്കാലായിലും. സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും പരിചയപ്പെടുന്നവര്‍ക്കുമെല്ലാം ശ്രീരാജ് സുസമ്മതനാണ്. യാതൊരു പേരുദോഷവും കേള്‍പ്പിക്കാത്ത ചെറുപ്പക്കാരന്‍. അതു കൊണ്ടു തന്നെയാണ് ഭീമ മാനേജ്‌മെന്റ് വളരെ മോശമായ രീതിയില്‍ പത്രപ്പരസ്യം നല്‍കിയതോടെ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്ത് വന്നത്.

ഭീമയിലെ ജീവനക്കാര്‍ മുഴുവന്‍ ശ്രീരാജിന് പിന്തുണ നല്‍കുന്നു. മാനേജ്‌മെന്റിനെ ഭയന്ന് ആരും പരസ്യ പ്രതികരണത്തിന് തയാറല്ലെന്ന് മാത്രം. അടൂരിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുഴുവന്‍ ശ്രീരാജിനൊപ്പമുണ്ട്. തൊഴിലാളി യൂണിയനുകളും പിന്തുണ അറിയിച്ചു. നാടു നീളെ ഭീമയ്‌ക്കെതിരേ പോസ്റ്ററുകള്‍ നിരന്നു.

സോഷ്യല്‍ മീഡിയയില്‍ ഭീമ ജുവലറിക്കെതിരേ ബഹിഷ്‌കരണാഹ്വാനം വന്നു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായിരുന്ന അടൂര്‍ ഷോറൂമില്‍ കച്ചവടം നന്നേ കുറഞ്ഞു. മാനേജ്‌മെന്റ് മാപ്പ് പറഞ്ഞ് പത്രപ്പരസ്യം ഇറക്കാത്ത പക്ഷം ജൂവലറിക്ക് മുന്നില്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഭരണിക്കാവ്- മുണ്ടക്കയം ദേശീയപാത; അടൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ബൈപാസുകള്‍

അടൂരിലെ ലാല്‍സ് റസിഡന്‍സി, ഒലീവ് ഹോട്ടല്‍,അല്‍ഫറൂജ് ഹോട്ടല്‍,ഓലപ്പന്തല്‍,മാമന്റെ ചായക്കട എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ