അടൂര്‍ ഇരട്ടപ്പാലം ‘എങ്ങനെ എങ്ങോട്ട് പോകും’
അടൂര്‍: ഇരട്ടപ്പാലം പണി പൂര്‍ത്തിയായി. ആഘോഷമായി ഉദ്ഘാടനവും നടന്നു. പക്ഷെ പുതിയ പാലത്തില്‍ കൂടി എങ്ങനെ എങ്ങോട്ട് പോകും എന്ന സംശയത്തിലാണ് ഇപ്പോള്‍ വാഹന യാത്രികര്‍. സെന്‍ട്രല്‍ ടോള്‍ ഭാഗത്തു നിന്നും അടൂര്‍ കെ.എസ്.ആര്‍.ടി.സി ജംങ്ഷന്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ഇടതുവശത്തെ പുതിയ ഇരട്ടപ്പാലത്തിലേക്ക് കയറുന്ന വാഹനങ്ങള്‍ക്ക് നേരെ പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. പാലം കാഞ്ഞാല്‍ ഓട്ടോറിക്ഷകളും ബസുകളും ബസ് ബേയില്‍ കിടക്കുന്നതിനാലാണ് വാഹനങ്ങള്‍ക്ക് നേരെ പോകാന്‍ പ്രയാസമുണ്ടാക്കുന്നത്. ഇപ്പോള്‍ പല വാഹനങ്ങളും പുതിയ പാലത്തില്‍ കൂടി കയറി ബസ് ബേയുടെ തുടക്ക ഭാഗത്തു കൂടി ഇറങ്ങിയാണ് പോകുന്നത്.
ചില കെ.എസ്.ആര്‍.ടി.സി ബസുകളും ഇത്തരത്തില്‍ പോകുന്നുണ്ട്.ഇത് ഗതാഗതക്കുരുക്കുണ്ടാക്കാനും അപകടമുണ്ടാകാനും സാധ്യതയേറെയാണെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് ഇപ്പോള്‍ ബസ് ബേയിലേക്ക് കയറാന്‍ എളുപ്പമാണ്. മുമ്പ് പഴയ പാലത്തില്‍ കൂടി വന്ന് ബസ് ബേയിലേക്ക് തിരിയുമ്പോള്‍ പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നു. പാലം ഉദ്ഘാടനത്തിന്റെ തൊട്ടുമുമ്പും അടൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെ ഓട്ടോസ്റ്റാന്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും എന്ന് അധികൃതര്‍ പറഞ്ഞിരുന്നു. പാലം പണി പൂര്‍ത്തിയാകുമ്പോള്‍ ഓട്ടോറിക്ഷാ സ്റ്റാന്റ് നിലവിലെ സ്ഥലത്തു നിന്നും മാറ്റുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എങ്ങോട്ട് മാറ്റും എന്നു മാത്രം പറയുന്നില്ലെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ വ്യക്തമാക്കുന്നു
ഇരട്ടപ്പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ പലയിടത്തും കൊരുപ്പു കട്ട വിരിക്കുന്ന ജോലികള്‍ നടന്നിരുന്നു. പാലം ഉദ്ഘാടന ദിവസത്തിന്റെ തലേന്നു രാത്രിയില്‍ അടൂര്‍ വേയ്ബ്രിഡ്ജിന് സമീപം കൊരുപ്പു കട്ട വിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ പല സ്ഥാപനങ്ങളുടേയും മുമ്പില്‍ കട്ട കൂട്ടിയിട്ടിരിക്കുകയാണ്. ഇതു കാരണം വാഹനങ്ങള്‍ പുറത്തേക്ക് ഇറക്കുവാനോ കയറ്റുവാനോ സാധിക്കാത്ത അവസ്ഥയിലാണ്.
Your comment?