കിന്‍ഫ്ര പാര്‍ക്കിലെ ടാര്‍ മിക്സിങ് പ്ലാന്റില്‍ നിന്ന് ടാറുമായിവന്ന ടിപ്പര്‍ കത്തി
അടൂര്‍ :കിന്‍ഫ്ര പാര്‍ക്കിലെ ടാര്‍ മിക്സിങ് പ്ലാന്റില്‍ നിന്ന് ടാറുമായിവന്ന ടിപ്പര്‍ കത്തി.വാഹനത്തിന്റെ ഹൈഡ്രോളിക് ഓയില്‍ ടാങ്ക് പൊട്ടി ഹൈഡ്രോളിക് ഓയില്‍ ചോരുകയും ടാര്‍ മിശ്രിതത്തിന്റെ ചൂട് മൂലം ഓയിലിന് തീ പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡീസല്‍ ടാങ്കിന്റെ മര്‍ദ്ദം കൂടി അടപ്പ് ഊരി തെറിക്കുകയും തീ ആളി പടരുകയും ചെയ്തു.ഇളമണ്ണൂര്‍ – ചായലോട് റോഡിലാണ് അപകടം.ചവറ പന്മന പുത്തന്‍ചന്ത ആറുമുറിക്കട ചേമത്ത് വീട്ടില്‍ അന്‍സാരിയുടെ ടിപ്പറാണ് കത്തിയത്. ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ ടാര്‍ മിക്സിങ് പ്ലാന്റില്‍ നിന്ന് ലോഡു കയറ്റി ഇടപ്പള്ളിക്കോട്ടയിലേക്ക് പോകാന്‍ ചായലോട് റോഡിലെ കുത്തനെ ഇറക്കം ഇറങ്ങുമ്പോള്‍ -പത്തനാപുരം റോഡിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം.
വാഹനത്തിന്റെ ഹൈഡ്രോളിക് ഓയില്‍ ടാങ്ക് പൊട്ടി ഓയില്‍ റോഡില്‍ പറന്നതും പരിഭ്രാന്തി പരത്തി. . രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. അടൂര്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള 2 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം ഉടന്‍ തന്നെ സ്ഥലത്ത് എത്തി ഫോം (പ്രത്യേക തരം പത) പമ്പ് ചെയ്ത് തീ പൂര്‍ണ്ണമായും അണച്ചു. പത്തനാപുരത്ത് നിന്ന് ഒരു യൂണിറ്റും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ചവറ പുത്തന്‍ചന്ത സ്വദേശി അന്‍സാറിന്റെ (ചേമത്ത് ഗ്രൂപ്പ്) ഉടമസ്ഥതയില്‍ ഉള്ളതാണ് ടിപ്പര്‍. ചാത്തന്നൂര്‍ സ്വദേശി രതീഷ് ആണ് വാഹനം ഓടിച്ചിരുന്നത്. രതീഷിന്റെ മനസ്സന്നിധ്യം ആണ് ജനവാസ മേഖലയില്‍ ആള്‍ തിരക്ക് കുറഞ്ഞ ഭാഗത്ത് വാഹനം നിര്‍ത്തിയതും വലിയ അപകടം ഉണ്ടാകാതിരുന്നതും. വാഹനത്തില്‍ ഉണ്ടാകേണ്ടിയിരുന്ന പ്രവര്‍ത്തനക്ഷമമായ അഗ്‌നിശമന സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് മൂലമാണ് ആരംഭഘട്ടത്തില്‍ തന്നെ തീ അണയ്ക്കാന്‍ സാധിക്കാതെ വന്നത്.
റോഡില്‍ നൂറ് മീറ്ററോളം ദൂരത്തില്‍ പരന്ന ഓയിലില്‍ തെന്നി പിന്നാലെ വന്ന ഒരു പിക്കപ്പ് വാഹനവും രണ്ട് ഇരുചക്ര വാഹനവും വശത്തെ ഓടയിലേക്ക് തെന്നി മാറുകയും ചെയ്തു.
തീ പൂര്‍ണമായും നിയന്ത്രണ വിധേയമായ ശേഷം നാട്ടുകാര്‍ അറക്കപ്പൊടി വിതറി റോഡിലെ തെന്നല്‍ ഒഴിവാക്കി.:അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ റെജി കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നിയാസുദ്ദീന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍ജിത്ത്, പ്രദീപ് , ലിജി കുമാര്‍, സൂരജ്, അഭിലാഷ്, സജാദ്, ഹോം ഗാര്‍ഡുമാരായ അനില്‍ കുമാര്‍, ശ്രീകുമാര്‍, വേണു ഗോപാല്‍ എന്നിവര്‍ അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു
Your comment?