സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു: കിലോയ്ക്ക് 60 രൂപ
തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ചില്ലറ വില കിലോയ്ക്ക് 60 രൂപ കടന്നിട്ടും വിപണിയില്‍ സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ സാധിക്കാത്തതു സാധാരണക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് നെല്ല് സംഭരണം പ്രതിസന്ധിയിലാക്കി മില്ലുടമകളുടെ നിസഹകരണ സമരം പരിഹാരമില്ലാതെ തുടരുന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. വയലുകളില്‍ സംഭരിക്കാതെ നെല്ല് കെട്ടിക്കിടന്ന് നശിക്കുമ്പോള്‍ അരിവില കൊണ്ട് പൊറുതിമുട്ടുകയാണ് സാധാരണക്കാര്‍. ഒരുമാസത്തിനുള്ളില്‍ അരിക്ക് കൂടിയത് 15 രൂപയാണ്. നെല്ല് സംഭരണം മുടങ്ങിയതിനെത്തുടര്‍ന്നു കുട്ടനാട്ടിലും പാലക്കാട്ടുമായി പതിനായിരക്കണക്കിനു ടണ്‍ നെല്ലാണ് കെട്ടിക്കിടന്നു നശിക്കുന്നത്.
അടുത്ത ജനുവരി വരെ അരി വിലയിലെ കുതിപ്പ് തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണു വിപണിയില്‍നിന്നുള്ള സൂചന. ആന്ധ്രയിലും കര്‍ണാടകയിലും നെല്ല് ഉല്‍പാദനം കുറഞ്ഞതും പാക്കറ്റ് അരിക്ക് 5% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമാണു വിലയിലെ പെട്ടെന്നുള്ള കുതിച്ചു ചാട്ടത്തിനു കാരണമായി പറയുന്നത്. ആന്ധ്രയില്‍നിന്നു നേരിട്ട് അരി വാങ്ങുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തീരുമാനമായില്ല. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍തന്നെ സംഭരിച്ച്, മില്ലുകളില്‍ കുത്തി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്താല്‍ അരിവിലയിലെ കുതിപ്പ് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും നെല്ലുസംഭരണം നടക്കാത്തതു സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
Your comment?