വീട് വയ്ക്കാനെന്ന വ്യാജേന അഞ്ചു സെന്റില്‍ മണ്ണെടുക്കാന്‍ അനുമതി വാങ്ങിയ ശേഷം അതിന്റെ മറവില്‍ ഏക്കറ് കണക്കിന് മണ്ണ് കടത്ത്: മണ്ണുമായുള്ള ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചില്‍ അപകട സാധ്യത ഉയര്‍ത്തുന്നു
അടൂര്‍: പഞ്ചായത്ത് നഗരസഭകള്‍ക്ക് യാതൊരു നിയന്ത്രവുമില്ലാതെ കെട്ടിടം നിര്‍മ്മിക്കുന്നതിന് മണ്ണ് നീക്കാന്‍ നല്കുന്ന ശിപാര്‍ശ കാരണം മണ്ണെടുപ്പ് രൂക്ഷം. അപേക്ഷ ലഭിക്കുമ്പോള്‍ എഞ്ചിനീയര്‍ എത്തി മണ്ണ് എത്ര നീക്കം ചെയ്യണമെന്ന് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കും . സെക്രട്ടറി ഇത് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് കൈമാറിയാല്‍ ഇവ പരിശോധിച്ച് ജിയോളജി വകുപ്പിന് അനുമതി നല്കിയെ പറ്റൂ എന്നതാണ് സ്ഥിതി. ഇത്തരത്തില്‍ മണ്ണ് നീക്കം ചെയ്യാന്‍ അളവ് ശിപാര്‍ശ ചെയ്യുന്നത് നിയന്ത്രിച്ചാല്‍ മണ്ണെടുപ്പ് ഒരു പരിധിവരെ നിയന്ത്രിക്കാനാകും. പഞ്ചായത്ത് പെര്‍മിറ്റ് , ഡവലപ്‌മെന്റ് സ്‌കെച്ച് എന്നിവയുടെ അടിസ്ഥാനത്തിലാണ് ജിയോളജി വകുപ്പ് അനുമതി നല്കുന്നത്. ഇതോടെ പഞ്ചായത്ത് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്കാന്‍ ജിയോളജി വകുപ്പ് നിര്‍ബന്ധിതമായിരിക്കുകയാണ്. ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കുന്നതുള്‍പ്പടെ മണ്ണെടുക്കാനുള്ള 200 അപേക്ഷകള്‍ ഇപ്പോള്‍ കെട്ടികിക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കെട്ടിടം വയ്ക്കാന്‍ പെര്‍മിറ്റിന് ശിപാര്‍ശ നല്കുമ്പോള്‍ തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ നല്കിയാല്‍ വ്യാപക മണ്ണെടുപ്പ് ഒഴിവാക്കാനാകും.
കോന്നി താലൂക്കില്‍ ഫാം നടത്താനായി 25000 ടണ്‍ മണ്ണ് നീക്കുന്നതിനാണ് അനുമതി നല്കിയിരിക്കുന്നത്. അടൂരില്‍ എം.സി.റോഡരുകില്‍ ഫാം നടത്തിനായി 50000 ടണ്‍ മണ്ണ് നീക്കം ചെയ്യാനുള്ള അപേക്ഷ ജിയോളജിസ്റ്റ് പരിശോധിച്ച് തള്ളി.
കടമ്പനാട് ,പള്ളിക്കല്‍ പഞ്ചായത്ത്, അടൂര്‍ നഗരസഭ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മണ്ണടുപ്പ് നടത്തുന്നത്.
അടൂര്‍ നഗരസഭയില്‍ രണ്ട് , 28 വാര്‍ഡുകളുടെ അതിര്‍ത്തിയിലൂടെ കടന്ന് പോകുന്ന റോഡില്‍ മലയിടിച്ച് മണ്ണെടുത്ത് കൊണ്ട് പോകാന്‍ പുലര്‍ച്ചെ മുതല്‍ ലോറികള്‍ നിരനിരയായി കിടക്കുകയാണ്. ഇത് വഴിയാത്രക്കാര്‍ക്കും പ്രഭാത സവാരിക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ ഒരു മലയാണ് ഇടിച്ചു നിരപ്പാക്കുന്നത്. മലനിരകള്‍ ഇടിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും. വീട് വയ്ക്കാനെന്ന വ്യാജേന അഞ്ചു സെന്റില്‍ മണ്ണെടുക്കാന്‍ അനുമതി വാങ്ങിയ ശേഷം അതിന്റെ മറവില്‍ ഏക്കറ് കണക്കിന് മണ്ണാണ് കടത്തുന്നത്. നഗരസഭ രണ്ടാം വാര്‍ഡില്‍ നാലഞ്ച് ദിവസങ്ങളായി രാപകല്‍ വ്യത്യാസ മില്ലാതെ മണ്ണെടുപ്പ് നടക്കുകയാണ്. നൂറ് കണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്നും കടത്തുന്നത്. മണ്ണെടുപ്പ് ഏജന്റ മാര്‍ തമ്മിലുള്ള കുടിപ്പക മറനീക്കി പുറത്ത് വന്നിരിക്കുയാണ്. ഇത് പലപ്പോഴും തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലുമാണ്.
അദിക്കാട്ട്കുളങ്ങര, പറക്കോട് ഭാഗത്തുള്ളവരാണ് ഇവിടെ എത്തി മണ്ണടുക്കുന്ന സംഘത്തില്‍ പ്രധാനികള്‍. മണ്ണുമായുള്ള ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചില്‍ അപകട സാധ്യത ഉയര്‍ത്തുന്നു. ടിപ്പര്‍ ലോറിയില്‍ നിന്ന് റോഡിലേക്ക് മണ്ണ് വീഴുന്നുണ്ട്. ഈ മണ്ണില്‍ കയറുന്ന ഇരുചക്ര വാഹനങ്ങള്‍ തെന്നിമാറി അപകടം സംഭവിക്കുന്നുണ്ട്.
Your comment?