ശമ്പളമില്ലാതെ ഒമ്പതു മാസം: മാനേജ്മെന്റിന്റെ കള്ളക്കളി ആരോപിച്ച് ക്ലാര്‍ക്കും കുടുംബവും അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസിന് മുന്നില്‍ കുടുംബസമേതം ധര്‍ണ നടത്തി
അങ്ങാടിക്കല്‍: എസ്.എന്‍.വി.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലെ ക്ലാര്‍ക്ക് വി.ആര്‍.ജ്യോതികുമാര്‍ സ്‌കൂളിന് മുന്നില്‍ കുടുംബസമേതം ധര്‍ണ നടത്തി. സ്‌കൂള്‍ മാനേജരുടെ ദ്രോഹനടപടി കാരണം കഴിഞ്ഞ ഒമ്പതു മാസമായി ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. ഓണാഘോഷവും ഓണസദ്യയും നടക്കവേ പത്തനംതിട്ട ഡി.ഇ.ഓഫീസിലെ പൂക്കളത്തിന് മുന്നില്‍ കുടുംബസമേതം മണ്ണുസദ്യ ഉണ്ട് നടത്തിയ പ്രതിഷേധം ഫലം കാണാതെ വന്നതോടെയാണ് ഇന്നലെ സ്‌കൂളിന് മുന്നില്‍ ധര്‍ണ നടത്തിയത്.
36 വര്‍ഷമായി സ്‌കൂളില്‍ സേവനമനുഷ്ഠിച്ച് വരികയാണ് ജ്യോതികുമാര്‍. കഴിഞ്ഞ 18 വര്‍ഷമായി തനിക്കെതിരേ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ജ്യോതികുമാര്‍ ആരോപിച്ചു. അതിന്റെ ഭാഗമായി കള്ളക്കേസില്‍ കുടുക്കുകയും ശമ്പളം പകുതിയാക്കുകയും ചെയ്തുവത്രേ. നിലവിലെ സ്‌കൂള്‍ മാനേജര്‍ സ്വജനപക്ഷപാതം നടത്തുകയും സ്‌കൂള്‍ ഉച്ചഭക്ഷണ ഫണ്ടില്‍ തിരിമറി നടത്തിയ സ്വന്തം അനിയനെയും ഭാര്യയെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ജ്യോതി കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ കവാടത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കും. രാഷ്ട്രീയ സാമുദായിക രംഗത്തെ നിരവധി പ്രമുഖര്‍ ജ്യോതികുമാറിന് പിന്തുണയുമായി രംഗത്ത് വന്നു. കൊടുമണ്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റ് എ. വിജയന്‍ നായര്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി അങ്ങാടിക്കല്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Your comment?