ഗ്രോബാഗുകളിലെ പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിച്ച് മുണ്ടപ്പള്ളി ഗവ. എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും
അടൂര്‍ : കാര്‍ഷിക മേഖലയുടെ ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് മുണ്ടപ്പള്ളി ഗവ. എല്‍ പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ആറു വര്‍ഷമായി മികച്ച രീതിയില്‍ കൃഷി നടത്തുന്ന വിദ്യാലയമാണിത്. പ്രധാനമായി ഇവിടെ ഗ്രോബാഗുകളിലെ തക്കാളി കൃഷിയാണ് ഏറെ ശ്രദ്ധേയം. ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. കൂടാതെ വെണ്ടയ്ക്ക, വഴുതനങ്ങ, പച്ചക്കറി കൃഷിക്കു പുറമേ വാഴ എന്നിവയുടെ വിളവെടുത്തു.
സ്‌കൂളിന്റെ സ്ഥലപരിമിതിയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഗ്രോബാഗുകളിലായാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തികച്ചും ജൈവമായ രീതിയില്‍ മണ്ണിനെ വളക്കൂറുള്ളതാക്കി പരുവപ്പെടുത്തിയാണ് പച്ചക്കറി കൃഷി സാധ്യമാക്കുന്നത്. വര്‍ഷത്തില്‍ 50ല്‍ ഏറെ ദിവസങ്ങളില്‍ ആവശ്യമായുള്ള ഉച്ചഭക്ഷണത്തിനുള്ള വിഭവം സ്വയം കണ്ടെത്തി ജൈവ ഭക്ഷണം ഉറപ്പു വരുത്താനും വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപകരുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണയോടെയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് ഹെഡ്മിസ്ട്രസ് തുളസി ഒ. പറഞ്ഞു.
Your comment?