‘പരസ്യത്തിലൂടെ തട്ടിപ്പ് ‘ അടൂരിലെ റോഡുകളില്‍ ഫ്‌ലക്‌സുബോര്‍ഡുകള്‍ ഗതാഗതം മുടക്കുന്നു
അടൂര്‍: ഓണത്തോടനുബന്ധിച്ചു കച്ചവടതന്ത്രങ്ങളുടെ ഭാഗമായി കാഴ്ചകള്‍ മറയ്ക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കൊണ്ട് ഇന്ന് അടൂര്‍ നഗരം നിറഞ്ഞിരിക്കുകയാണ്. വിവിധ മോഹനവാഗ്ദാനങ്ങളുമായി മനംമയക്കുന്ന നൂറിലേറെ ഫ്‌ലക്‌സുകളാണ് അടൂര്‍ കെ.എസ്.ആര്‍.ടി.സി ജംങ്ഷന്‍ മുതല്‍ കരുവാറ്റ ഭാഗം വരെ വച്ചിരിക്കുന്നത്. ഇതില്‍ പലതും റോഡിലേക്ക് ചാഞ്ഞും വീണുമൊക്കെ കിടക്കുകയാണ്. കഴിഞ്ഞ ദിവസം അടൂര്‍ സെന്‍ട്രല്‍ ടോളിനു സമീപം ഒരു ഫ്‌ലക്‌സ് ബോര്‍ഡ് റോഡിലേക്ക് വീണ് മണിക്കൂറുകളോളം കിടന്നു. പല വാഹനങ്ങളും അടുത്തു വന്ന ശേഷമാണ് ഫ്‌ലക്‌സ് ബോര്‍ഡ് കണ്ടത്. ഇതിനാല്‍ പലരും പെട്ടെന്ന് ബ്രേക്കിട്ടും വെട്ടിച്ചു മാറ്റിയുമൊക്കെയാണ് കടന്നു പോയത്. പിന്നിട് സമീപത്തെ ഒരു വ്യാപാരി വന്നാണ് ഇത് നീക്കം ചെയ്തത്. ഇത്തരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കാരണം നിരവധി പ്രശ്‌നങ്ങളാണ് ഉള്ളത്.
വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ കഴിഞ്ഞാല്‍ ബോര്‍ഡുകള്‍ നീക്കാത്തതും മറ്റൊരു പ്രധാന പ്രശ്‌നം തന്നെയാണ്. കാല്‍ നടയാത്രക്കാര്‍ക്കും ഗതാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശമാണ് അടൂരില്‍ അട്ടിമറിക്കപ്പെടുന്നത് എന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. നിരവധി തവണ കോടതിയും സര്‍ക്കാരും അപകടകരമായ ഇത്തരം സംവിധാനങ്ങള്‍ മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും അടൂര്‍ നഗരസഭ ഇത് പാലിക്കുന്നത് കുറവാണ്. ഏറ്റവും ഒടുവില്‍ 2022 ഓഗസ്റ്റ് ആദ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവി മാര്‍ക്ക് കേരളാ സര്‍ക്കാര്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും അതുപോലുള്ള മറ്റു സംവിധാനങ്ങളും മാറ്റുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരുന്നു.
നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
2007-ലെ കേരള റോഡ് സേഫ്റ്റി അതോറിറ്റി ആക്ടിലെ സെക്ഷന്‍ 14 പ്രകാരമുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. പാതയോരങ്ങള്‍, റോഡുകളുടെ മീഡിയന്‍, ട്രാഫിക് ഐലന്റ് എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതും കാഴ്ച തടസ്സപ്പെത്തുന്നതും അപകടകാരണങ്ങളായ കമാനങ്ങള്‍, കൊടിക്കൂറകള്‍, പ്രദര്‍ശന ബോര്‍ഡുകള്‍, ഫ്‌ലക്‌സുകള്‍, കൊടിമരങ്ങള്‍ എന്നിവ നീക്കം ചെയ്യണം എന്നായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറത്തിരുന്നത്
Your comment?