മേല്‍ശാന്തിയുടെ കുടുംബത്തിന്റെ ദുരന്തത്തില്‍ നടുങ്ങി മടവൂര്‍ ഗ്രാമം

കിളിമാനൂര്‍: ഏനാത്ത് നിയന്ത്രണം തെറ്റി എതിരെ എത്തിയ കാര്‍ ഒരു കുടുംബത്തെ തുടച്ചു നീക്കിയതിന്റെ ഞെട്ടലില്‍ മടവൂര്‍ ഗ്രാമം.മടവൂര്‍ പുലിയൂര്‍ക്കോണം ചാങ്ങയില്‍ക്കോണം വലംപിരിപിള്ളി മഠത്തില്‍ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ അന്തര്‍ജനം(63) ഏക മകന്‍ നിഖില്‍രാജ്(ബാലു-32) എന്നിവരുടെ ജീവനാണ് പൊലിഞ്ഞത്. ഭട്ടതിരിയുടെ പ്രമേഹ ചികിത്സയ്ക്കായി കുളനടയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണു ദുരന്തം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് മൂന്നു പേരും കാറില്‍ വീട്ടില്‍ നിന്നു യാത്ര പുറപ്പെട്ടത്. ഭട്ടതിരിയാണ് കാര്‍ ഓടിച്ചിരുന്നത്. മകന്‍ നിഖില്‍രാജ് മുന്നിലും ഭാര്യ ശോഭ അന്തര്‍ജനം പിന്നില്‍ വലത് വശത്തുമായിരുന്നു.
ഭട്ടതിരിയും ഭാര്യയും അപകട സ്ഥലത്തുതന്നെ മരിച്ചു. നിഖില്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും. മടവൂര്‍ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ 19 വര്‍ഷമായി മേല്‍ശാന്തി ആയിരുന്നു ഭട്ടതിരി. സൗമ്യതയും സാധു പ്രകൃതവും ശീലം. ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുക പോലും ചെയ്യാത്ത പ്രകൃതം. ഇന്നലെ രാവിലത്തെ പൂജയ്ക്ക് പകരം ശാന്തിക്കാരനെ ചുമതലപ്പെടുത്തിയിരുന്നു. വൈകിട്ടത്തെ പൂജയ്ക്ക് മടങ്ങി എത്തും എന്നറിയിച്ചാണ് ചൊവ്വ രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്നു മടങ്ങിയത്.പട്ടാഴി കിഴക്കേഭാഗത്ത് മഠത്തില്‍ പരേതരായ കൃഷ്ണന്‍ഭട്ടതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകനാണ് രാജശേഖര ഭട്ടതിരി.
പട്ടാഴി ആലപ്പുറത്ത് മഠത്തില്‍ പരേതരായ ത്രിവിക്രമ ഭട്ടതിരിയുടെയും ചന്ദ്രമതി അന്തര്‍ജനത്തിന്റെയും മകളാണ് ശോഭ അന്തര്‍ജനം. കോട്ടയം തിരുവഞ്ചൂര്‍ താഴത്തിക്കര മുട്ടത്ത് ഇല്ലത്ത് പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും ഗീത അന്തര്‍ജനത്തിന്റെ മകളും, തിരുവനന്തപുരത്ത് ഐടി സ്ഥാപനമായ എന്‍വെസ്റ്റ്‌നെറ്റിലെ ഉദ്യോഗസ്ഥയുമാണ് നിഖിലിന്റെ ഭാര്യ രേഖ നാരായണന്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം 6.15ന് മൂന്ന് ആംബുലന്‍സുകളിലാണ് ഭൗതിക ശരീരങ്ങള്‍ മഠത്തില്‍ കൊണ്ടു വന്നു. കുടുംബത്തിന് നാട് ഒന്നാകെ അന്തിമോപചാരം അര്‍പ്പിച്ചു. സ്ത്രീകളും വീട്ടമ്മമാരും കണ്ണീരോടെയാണു വിട നല്‍കിയത്.രാത്രി 8 മണിയോടെ സംസ്‌കാരം നടന്നു. ഭട്ടതിരിയുടെ സഹോദരപുത്രന്‍ ബിജു അന്തിമ കര്‍മങ്ങള്‍ നടത്തി.
Your comment?