ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ മഴപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ മഴപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും. ജല സംഭരണികളിലെ ജലനിരപ്പ് 45 ശതമാനത്തില്‍ എത്തി. നീരൊഴുക്കും ശക്തമായി. എന്നാല്‍ പത്തനംതിട്ടയുടെ മറ്റ് ഭാഗങ്ങളില്‍ മഴ അത്ര ശക്തമല്ല. കക്കി-ആനത്തോട് അണക്കെട്ടില്‍ 962.92 മീറ്ററും പമ്പയില്‍ 969.95 മീറ്ററുമാണ് ജലനിരപ്പ്. കക്കിയില്‍ 69 മില്ലിമീറ്ററും പമ്പയില്‍ 46 മില്ലിമീറ്ററും മഴ പെയ്തു.19.26 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകി എത്തി. കഴിഞ്ഞ ദിവസത്തെക്കാള്‍ 3% വെള്ളം പെട്ടെന്ന് ഉയര്‍ന്നു. കക്കാട്ടാറ്റിലും, സായിപ്പിന്‍കുഴി തോട്ടിലും ഉയര്‍ന്ന നിലയില്‍ നീരൊഴുക്ക് തുടരുന്നു. ശബരിഗിരി പദ്ധതിയില്‍ നിന്ന് വൈദ്യുതോല്‍പാദനത്തിനു ശേഷം പുറം തള്ളുന്ന വെള്ളമാണ് മൂഴിയാര്‍ അണക്കെട്ടില്‍ തടഞ്ഞ് നിര്‍ത്തി പവര്‍ ടണല്‍ മുഖേന എത്തിച്ച് കക്കാട് പദ്ധതിയില്‍ വൈദ്യുതോല്‍പാദനം നടത്തുന്നത്.
സായിപ്പിന്‍കുഴി തോട്ടില്‍ നിന്നുള്ള വെള്ളവും മൂഴിയാര്‍ അണക്കെട്ടിലാണ് എത്തുന്നത്. കക്കാട്ടാറ്റിലെ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ സ്വകാര്യ ജല വൈദ്യുത പദ്ധതികളായ അള്ളുങ്കല്‍ ഇ.ഡി.സി.എല്‍, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്ക്, മണിയാര്‍ കാര്‍ബോറാണ്ടം പദ്ധതി എന്നിവിടങ്ങളിലും പൂര്‍ണ തോതിലാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പെരുനാട് പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ കാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി ഷട്ട് ഡൗണിലായിരുന്നു.
Your comment?