ധീരദേശാഭിമാനിയെ അപമാനിക്കുവാന്നേ.. മണ്ണടിയില്‍ പുരാവസ്തു വകുപ്പ് കാട്ടിക്കൂട്ടുന്നത് ഇതൊക്കെയാണ്

അടൂര്‍: ധീരദേശാഭിമാനിയുടെ ചിര സ്മരണയ്ക്കായി സംസ്ഥാന പുരാവസ്തു വകുപ്പ് നിര്‍മിച്ച മണ്ണടി വേലുത്തമ്പി ദളവാ മ്യൂസിയം അവഗണിക്കപ്പെടുന്നു. ബോര്‍ഡിലും പേരിലുമാണ് വേലുത്തമ്പി ദളവാ മ്യൂസിയമുള്ളത്. ഉള്ളിലേക്ക് കടന്നു ചെന്നാല്‍ കാണാന്‍ ഒരു സാധനവുമില്ല. വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ടതും സ്മരണ നിലനിര്‍ത്താനുതകുന്നതുമായ ചരിത്ര ശേഷിപ്പുകള്‍ ഒന്നും തന്നെ ഇവിടെയില്ല.
വേലുത്തമ്പി വീരമൃത്യു വരിച്ച ഇടമെന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ മണ്ണടിക്ക് അഭിമാനിക്കാന്‍ ആ ഓര്‍മകളല്ലാതെ മറ്റൊന്നുമില്ല. പുരാതന കാലത്ത് കുറ്റവാളികളെ വധിക്കുന്നതിന് ഉപയോഗിച്ചിരുന്ന ചിത്രവധക്കൂടാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടെ വരുന്നവര്‍ക്ക് വേലുത്തമ്പി ദളവയെ ഓര്‍ക്കാനെന്ന വണ്ണം അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്തു തന്നെയുളള വേലുത്തമ്പി സ്മാരക മ്യൂസിയം ശൂന്യമാണ്. വേലുത്തമ്പിയുടെയും മണ്ണടിയുടെയും ചരിത്രം അന്വേഷിച്ച് മ്യൂസിയത്തില്‍ വരുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.
കല്ലടയാറ്റിലും മറ്റും ഉപേക്ഷിക്കപ്പെട്ട് കിടന്ന പൊട്ടിയ വിഗ്രഹങ്ങളും പഴയ കുറച്ച് നാണയങ്ങള്‍, പീരങ്കി, പീരങ്കി ഉണ്ട, താളിയോല ഗ്രന്ഥങ്ങള്‍, നന്തുണി, ചാണക്കല്ല്, വാളും പരിചയും, കൊതുമ്പ് വളളം, വലിയ ബലിക്കല്ല്, കുമ്മാട്ടി, നാഴി, കുറച്ച് താളിയോല ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ കുറച്ച് വസ്തുക്കള്‍ മാത്രമാണ് കാണാനാകുക. മ്യൂസിയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ വേലുത്തമ്പിയുടെ ഉടവാള്‍ ഇവിടെ എത്തിക്കണമെന്നാവശ്യം നടപ്പായില്ല. കൂടുതല്‍ പുരാവസ്തുക്കള്‍ എത്തിച്ചാല്‍ ഇരുനില കെട്ടിടത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗം ഒഴിഞ്ഞ് കിടക്കുന്നത് നിറയ്ക്കാന്‍ കഴിയും. ഇവിടെ സൂക്ഷിക്കുന്ന ചരിത്രശേഷിപ്പുകള്‍ പൊടി കയറാതെ സൂക്ഷിക്കാനുംസൗകര്യമില്ല.
ഭിത്തിയിലെ റാക്കിന് ഗ്ലാസ് പാളി പിടിപ്പിച്ചിട്ടില്ല. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പറവകളുടെ കക്കൂസാണ്! അതിനാല്‍ ഇവിടേക്കൊന്ന് കയറി നില്‍ക്കാന്‍ പോലും കഴിയുന്നില്ല. പഴയ സ്തൂപത്തിന്റെ ഭാഗങ്ങള്‍ പലയിടത്തായി ചിതറി കിടക്കുന്നു. വേലുത്തമ്പി ദളവയുടെ പൂര്‍ണകായ വെങ്കല പ്രതിമയ്ക്ക് ചുറ്റും ഉദ്യാനം നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും മൂന്നോ നാലോ ചെടികള്‍ മാത്രമെ ഇവിടെയുള്ളൂ. വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ടതാണ് കാമ്പിത്താന്‍ മണ്ഡപം.കല്ലടയാറിന്റെ തീരത്തുള്ള ശില്പാലംകൃതമായ മണ്ഡപം സംരക്ഷണമില്ലാതെ നശിക്കുന്നു. കല്‍മണ്ഡപത്തില്‍ നിന്ന് പടവുകള്‍ ഇറങ്ങി ചെല്ലുന്നത് കല്ലടയാറ്റിലേക്കാണ്.
ഈ ഭാഗത്ത് ബോട്ട് സര്‍വീസ് ഉള്‍പ്പടെയുള്ള ടൂറിസം പദ്ധതിക്ക് മുമ്പ് ആലോചിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ചരിത്രമുറങ്ങുന്ന മണ്ണടിയുടെ മണ്ണില്‍ അരവക്കച്ചാണി ഗുഹ, വേലുത്തമ്പി ദളവാ സ്മാരക മ്യൂസിയം കാമ്പിത്താന്‍ മണ്ഡപം ഉള്‍പ്പടെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കിയാല്‍ ചരിത്ര പഠനം നടത്തുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഒക്കെ ഒരു വലിയ അനുഗ്രഹമാകും.
Your comment?