മനുഷ്യത്വം മരവിച്ച നാട്ടുകാര്‍ക്ക് മുന്നില്‍ ദൈവദൂതനെപ്പോലെ മാധ്യമപ്രവര്‍ത്തകന്‍
അടൂര്‍: മനുഷ്യത്വം മരവിച്ചു പോയ ജനക്കൂട്ടത്തിന് മുന്നില്‍ ദൈവദൂതനെപ്പോലെ വീണ്ടുമെത്തി മാധ്യമ പ്രവര്‍ത്തകന്‍ അനുഭദ്രന്‍.
എം.സി റോഡില്‍ വടക്കടത്തുകാവിനു സമീപം അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശികളായ ചെറുപ്പക്കാര്‍ക്കാണ് അനു തുണയായത്. വാഹനാപകടത്തില്‍പ്പെട്ട് ഓടയില്‍ വീണ രണ്ടു ചെറുപ്പക്കാര്‍ക്ക് അതില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു. അതു വഴി പോയ യാത്രക്കാരും നാട്ടുകാരുമൊക്കെ തന്നെ പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന യുവാക്കളെ നോക്കി അഭിപ്രായവും പറഞ്ഞ് സ്ഥലം വിട്ടു. രക്ഷപ്പെടുത്താന്‍ ഇവരില്‍ ആരും ശ്രമിച്ചില്ല.
പോലീസിനെ വിളിച്ചു വിവരം അറിയിക്കാനും ആരും മുതിര്‍ന്നില്ല. മരണം മുന്നില്‍ കണ്ടു കിടന്ന ആ ചെറുപ്പക്കാരുടെ മുന്നിലേക്കാണ് അനുഭദ്രന്‍ ചെന്നത്. മുന്‍പും ഇതേ പോലെ അപകട സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട് അനു. തന്റെ ജോലിയുടെ ഭാഗമായി തിടുക്കപ്പെട്ടു പോയ അനു അപകടം കണ്ട് വാഹനം നിര്‍ത്തി. പരുക്കേറ്റ യുവാക്കളെ വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ യുവാക്കള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടി.
മുന്‍പും അനുഭദ്രന്റെ ഇത്തരം ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടിയ നിരവധി പേരുണ്ട്. ചിലരൊക്കെ അതീവ ഗുരുതരാവസ്ഥയില്‍ മരണപ്പെടുകയും ചെയ്തു. ഇതു പോലെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യുവാവ് അനുഭദ്രന്റെ ചെയ്തികളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് ഇടുകയും ചെയ്തു. അന്ന് തനിക്കൊപ്പം അപകടം പറ്റിയ ആള്‍ മരിച്ചു പോയത് പരാമര്‍ശിച്ച യുവാവ് താനിപ്പോള്‍ ജീവിച്ചിരിക്കുന്നത് അനുവിന്റെ തക്ക സമയത്തെ ഇടപെടല്‍ മൂലമാണെന്നും കുറിക്കുന്നു.
Your comment?