അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയാല്‍… രോഗിക്ക് ഡോക്ടറുടെ അടുത്തെത്തണമെങ്കില്‍ ‘ഇഴയണം’
അടൂര്‍ : എല്ലുമുറിയുന്ന വേദന. നേരാംവണ്ണം കാല് തറയില്‍ കുത്താന്‍ പറ്റാത്ത അവസ്ഥ. ഇങ്ങനെ നടക്കാന്‍പോലും പറ്റാതെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയാല്‍ രോഗിക്ക് ഡോക്ടറുടെ അടുത്തെത്തണമെങ്കില്‍ ഇഴയണം. കാരണം, വീല്‍ച്ചെയറിനായി കാത്തിരിക്കേണ്ടത് മണിക്കൂറുകളാണ്. അതും നിങ്ങളുടെ അവസ്ഥകണ്ട് ആരെങ്കിലും കനിഞ്ഞാല്‍മാത്രം.
മുറിവ് കാരണം നീരുവച്ച കാലുമായി ആശുപത്രിയിലെത്തിയ വയോധികന്‍ വീല്‍ച്ചെയറിനായി നിലത്ത് കാത്തിരുന്നത് അരമണിക്കൂറാണ്. വാഹനത്തിലാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. ബന്ധു വീല്‍ച്ചെയറിനായി ഒരുപാട് അലഞ്ഞെങ്കിലും ലഭിച്ചില്ല. വേദന അസഹ്യമായതോടെ വയോധികന്‍ നിലത്തിരുന്നു. ഇതുകണ്ടിട്ടും ആശുപത്രി ജീവനക്കാര്‍ ആരും വിവരം അന്വേഷിച്ചില്ല. ഇതിനിടെ ആശുപത്രിയില്‍ ആവശ്യവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ ഇടപ്പെട്ടു. ജീവനക്കാരോട് അല്പം ക്ഷോഭത്തോടെ വിവരം പറഞ്ഞതോടെ ജീവനക്കാര്‍ സ്‌ട്രെച്ചര്‍ സംഘടിപ്പിച്ച് തയ്യാറാക്കി.
വയോധികനെ അതില്‍ കിടത്തി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. അപ്പോഴേക്കും അദ്ദേഹത്തിന്റെ കാല്‍ നീരുവെച്ച് വീര്‍ത്തിരുന്നു. ഈ സമയം പത്തിലേറെ വീല്‍ച്ചെയര്‍ ആശുപത്രിയുടെ വിവിധ നിലകളിലായുണ്ടായിരുന്നു. പക്ഷേ, ഇതു താഴെയെത്തിക്കാന്‍ ജീവനക്കാര്‍ മുതിരില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
വീല്‍ച്ചെയറില്‍ രോഗികളെയും കൊണ്ടുപോകുന്നവര്‍ അത് തിരികെക്കൊണ്ടിടണം. അല്ലെങ്കില്‍ രോഗികളെയും കൊണ്ടുവരുന്നവര്‍ മുകളില്‍ പോയി എടുക്കണം എന്ന പിടിവാശിയിലാണ് ജീവനക്കാര്‍. അറ്റഡന്റുമാര്‍ തീരെ കുറവാണ് ആശുപത്രിയില്‍. നഴ്‌സുമാര്‍ ആവശ്യത്തിന് ഇല്ലാത്തതും ഏറെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
Your comment?