സജീവ് മണക്കാട്ടുപുഴയ്ക്ക് വീണ്ടും ജില്ലാ പൊലീസ് മേധാവിയുടെ ആദരവ്: ബഹുമതി പൊലീസ് മീഡിയാ സെല്ലില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടിങിന്

പത്തനംതിട്ട: ജില്ലാ പോലീസ് മീഡിയ സെല്ലില്‍ മികച്ചനിലയില്‍ മാധ്യമ റിപ്പോര്‍ട്ടിങ് നടത്തിയതിന് സജീവ് മണക്കാട്ടുപുഴയ്ക്ക് ആദരവ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ജില്ലാ പോലീസ് മീഡിയ സെല്ലിന്റെ ചുമതല വഹിച്ചുകൊണ്ട്, വാര്‍ത്തകള്‍ തയ്യാറാക്കി മാധ്യമങ്ങളിലൂടെ പൊതുജനങ്ങളില്‍ എത്തിച്ചതിന് ജില്ലാ പോലീസ് മേധാവി കഴിഞ്ഞദിവസം സജീവിന് സല്‍സേവനപ്പത്രം ഉത്തരവാകുകയായിരുന്നു.തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആയി പ്രൊമോഷനോടെ നിയമിതയായ ആര്‍ നിശാന്തിനി ആണ്, ജില്ലാ പോലീസ് മേധാവി സ്ഥാനം ഒഴിഞ്ഞ ഡിസംബര്‍ 31 ന് ഉത്തരവില്‍ ഒപ്പിട്ടത്.
മുന്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ രണ്ടുതവണ സജീവിന് ഇതിന്റെ പേരില്‍ പുരസ്‌കാരം നല്‍കിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് എ എസ് ഐ ആണ് ഇപ്പോള്‍. ജേര്‍ണലിസം പരിശീലനം നേടിയശേഷം 1998 ല്‍ പോലീസിലെത്തിയ സജീവ്, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.1997 മുതല്‍ 2002 വരെ ദീപിക ദിനപ്പത്രത്തില്‍ ശാസ്ത്രകുറിപ്പുകള്‍ എഴുതിയിരുന്നു.1986 മുതല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തിലെ സ്ഥിരം ശ്രോതാവായ സജീവ് അവിടെ കഥകളും മറ്റും അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പോലീസുദ്യോഗസ്ഥരുടെ ആദ്യ കഥാസമാഹാരമായ സല്യൂട്ട് ല്‍ കഥ എഴുതി, സി ബി ഐ ബുള്ളറ്റിനില്‍ കഴിഞ്ഞവര്‍ഷം പഠനലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു
കേരളത്തിലെ പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ അത് പഠനത്തിന് നല്കപ്പെടുകയും സംസ്ഥാന പോലീസ് മേധാവി സല്‍സേവന പത്രവും ക്യാഷ് റീവാര്‍ഡും ഉത്തരവാകുകയുമുണ്ടായി.ആദ്യത്തെ സ്വന്തം പുസ്തകം ‘കല്ലുപെന്‍സില്‍ ഒക്ടോബര്‍ 27 ന് അന്നത്തെ ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിയാണ് പ്രകാശനം ചെയ്തത്. പേരുകൊണ്ട് വ്യത്യസ്തമായി തീര്‍ന്ന പുസ്തകം വലിയ സ്വീകാര്യതയാണ് നേടിയത്.
പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കാന്‍ ആലോചിക്കുമ്പോഴാണ് പുതുവര്‍ഷാരംഭത്തില്‍ ഇത്തരത്തില്‍ ആദരിക്കപ്പെടുന്നത്. ഇതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും, പത്രപ്രവര്‍ത്തന പരിശീലനം നേടിയ തനിക്ക് പോലീസുദ്യോഗസ്ഥനായിരുന്നുകൊണ്ട് മീഡിയ റിപ്പോര്‍ട്ടിങ് നടത്താന്‍ കിട്ടിയത് അപൂര്‍വ ഭാഗ്യമാണെന്നും സജീവ് പ്രതികരിച്ചു. കവിതാ സമാഹാരം, എഴുതിയ ശാസ്ത്രലേഖനങ്ങളുടെ സമാഹാരം എന്നിവ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും സജീവ് മണക്കാട്ടുപുഴ പറഞ്ഞു.
Your comment?